മെഡിക്കല്‍ കോളജില്‍ മള്‍ട്ടി ഡിസിപ്ലിനറി ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റ് ഉദ്ഘാടനം ചെയ്തു

ktm-surjikalഗാന്ധിനഗര്‍: മെഡിക്കല്‍ കോളജ് ആശുപത്രിയിലെ 26 കിടക്കകളുള്ള അത്യാധുനിക മള്‍ട്ടി ഡിസിപ്ലിനറി ക്രിട്ടിക്കല്‍ കെയര്‍ തീവ്രപരിചരണ വിഭാഗത്തിന്റെ ആദ്യഘട്ടത്തിന്റെ പ്രവര്‍ത്തനം ഇന്നു രാവിലെ 10നു മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ജോസ് ജോസഫ് ഉദ്ഘാടനം ചെയ്തു. ആര്‍എംഒ ഡോ. ആര്‍.പി. രഞ്ജന്‍, ഡോ. മുരളീകൃഷ്ണന്‍, ഡോ, ഉഷ, നവജീവന്‍ ട്രസ്റ്റി പി.യു. തോമസ് എന്നിവര്‍ സന്നിഹിതരായിരുന്നു.

ഗുരുതരാവസ്ഥയിലായ രോഗികളെ ചികിത്സിക്കുന്നതിനായി 12 കോടി രൂപ ചെലവിട്ടാണു ക്രിട്ടിക്കല്‍ കെയര്‍ തീവ്രപരിചരണ വിഭാഗം യാഥാര്‍ഥ്യമാക്കിയത്.   24 കിടക്കകള്‍ക്കും വെന്റിലേറ്റര്‍ സൗകര്യവും ആധുനിക ചികിത്സാ ഉപകരണങ്ങളും ഇവിടെയുണ്ട്. പ്രധാന ബ്ലോക്കിന്റെ മൂന്നാം നിലയില്‍ ഗൈനക്കോളജി വിഭാഗം പ്രവര്‍ത്തിച്ചിരുന്നിടത്താണു പുതിയ വിഭാഗം.

ഇരു വശങ്ങളിലായി 12 തീവ്രപരിചരണ വിഭാഗം കിടക്കകളാണ് ഇവിടെയുള്ളത്. എല്ലാ വിഭാഗങ്ങളില്‍ നിന്നും അതീവ ഗുരുതര നിലയിലുള്ള രോഗികളെ ഇവിടെ പ്രവേശിപ്പിക്കും. ഒരു കിടക്ക വിഐപി തീവ്രപരിചരണ വിഭാഗമാണ്. മറ്റ് രോഗികള്‍ക്കൊപ്പം കിടത്തിയാല്‍ ആരോഗ്യപ്രശ്‌നമുണ്ടാകുന്നവരെ മാത്രം കിടത്താനുള്ള അണുവിമുക്ത മുറിയും ഇവിടത്തെ പ്രത്യേകതയാണ്. അനസ്തീസിയ വിഭാഗത്തിന്റെ കീഴിലാണു പുതിയ വിഭാഗം പ്രവര്‍ത്തിക്കുന്നത്.

Related posts