കാട്ടാക്കട: കാറിലെത്തിയ സംഘം പട്ടാപ്പകല്‍ നടുറോഡിലിട്ട് യുവാവിനെ വെട്ടിക്കൊന്ന കേസില്‍ മൂന്ന് പേരെ കൂടി പിടികൂടി. തിരുമല തമലം തട്ടാന്‍വിള ലൈനില്‍ മേലെ തട്ടില്‍ വീട്ടില്‍ സാംകൂട്ടി എന്നു വിളിക്കുന്ന സാംജോണ്‍സണ്‍ (30), തമലം ലങ്കാ മഠത്തിങ്കല്‍ കിഴക്കുംകര വീട്ടില്‍ രഞ്ജു എന്നു വിളിക്കുന്ന രഞ്ജിത്ത് ( 26), തമലം തേരിവിള പൊറ്റയില്‍ നിന്നും തമലം തട്ടാന്‍വിള വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ശിവകുമാര്‍ (29) എന്നിവരെയാണ് ഇന്നലെ പുലര്‍ച്ചെ പാറശാല റെയില്‍വേ സ്റ്റേഷനില്‍ നിന്നും പിടികൂടിയതെന്ന് കാട്ടാക്കട സിഐ ഓഫീസില്‍ നടന്ന പത്ര സമ്മേളനത്തില്‍ നെടുമങ്ങാട് ഡിവൈഎസ്പി ഇ.എസ്.ബിജുമോന്‍, കാട്ടാക്കട സിഐ ആര്‍.എസ്. അനുരൂപ് എന്നിവര്‍ അറിയിച്ചു.
കൊല പാതകവുമായി ബന്ധപ്പെട്ട് നേരത്തെ നാല് പേരെ അറസ്റ്റ് ചെയ്തതിരുന്നു. തലസ്ഥാനത്തെ ഗുണ്ടാസംഘത്തില്‍പ്പെട്ടവരാണ് ഇവരെന്ന് പോലീസ് അറിയിച്ചു. പൂജപ്പുര തമലം സ്വദേശി ഉണ്ണി എന്നു വിളിക്കുന്ന ഗിരീഷിനെ സംഭവ ദിവസം തന്നെ പിടികൂടിയിരുന്നു. ഓഗസ്റ്റ് 13നു രാവിലെ എട്ടു മണിയോടെ കാട്ടാക്കട -നെയ്യാറ്റിന്‍കര റോഡിലെ വണ്ടന്നൂര്‍ ഭാഗത്താണ് പൂജപ്പുര തമലം സ്വദേശിയായ സുരേഷിനെയാണ് (32) വെട്ടിക്കൊന്നത്.
വണ്ടന്നൂരില്‍ തേവരക്കോട് പഞ്ചമീദേവീ തമ്പുരാന്‍ ക്ഷേത്രത്തിനു മുന്നില്‍ ആക്ടീവ സ്കൂട്ടറില്‍ വരികയായിരുന്ന സുരേഷിനെ കാറിലെത്തിയ നാലംഗ സംഘം ഇടിച്ചിട്ട ശേഷം വാള്‍ കൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തലസ്ഥാനത്തെ ക്വട്ടേഷന്‍ സംഘത്തില്‍ പെട്ട ബിനുകുമാര്‍ എന്നയാളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട സുരേഷ്. 2013ലാണ് തമലം സ്വദേശിയായ ബിനുമോനെ നാലംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. മണ്ണ് മാഫിയ സംഘത്തില്‍പ്പെട്ടതാണ് ഇവരെല്ലാം. അതില്‍ പ്രതിയായ സുരേഷ് സംഭവശേഷം തമലത്തു നിന്ന് നെയ്യാറ്റിന്‍കര ഭാഗത്തേക്ക് താമസം മാറ്റിയിരുന്നു. ബിനുകുമാറിനെ വെട്ടിക്കൊന്ന സംഭവത്തില്‍ മറ്റ് സംഘാംഗങ്ങള്‍ക്ക് വൈരാഗ്യമുണ്ടായിരുന്നു.
ഇതു മനസിലാക്കിയാണ് സുരേഷ് ഇവിടേയ്ക്ക് താമസം മാറ്റിയത്. കാറിലെത്തിയവര്‍ സുരേഷിനെ രാവിലെ മുതല്‍ പിന്തുടര്‍ന്നാണ് കൊല നടത്തിയത്. സുരേഷിനെ കൊല്ലാന്‍ ഉപയോഗിച്ച ആയുധം സംഭവ സ്ഥലത്തു തന്നെ കണ്ടെടുത്തിരുന്നു. എറണാകുളം, ഗുരുവായൂര്‍, കന്യാകുമാരി എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ പ്രതികള്‍ അവസാനം തങ്ങിയത് കന്യാകുമാരിയിലായിരുന്നു. പോലീസ് തങ്ങളുടെ താവളങ്ങള്‍ മനസിലാക്കി വയതായി മനസിലാക്കിയ ഇവര്‍ കൊച്ചിയിലേക്ക് പോകാനായി പാറശാല റെയില്‍ വേ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് കാട്ടാക്കട സിഐക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്ന് പിടികൂടിയത്.
ഇതോടെ കൊലപാതകത്തില്‍ പങ്കെടുത്ത മുഴുവന്‍ പേരെയും പിടികൂടിയതായി പോലീസ് പറയുന്നു. ഇനി ഗൂഡാലോചന നടത്തിയവരെ കുറിച്ചാണ് അന്വേഷണം നടത്തുകയെന്ന് പോലീസ് പറയുന്നു. റൂറല്‍ എസ്പി ഷെഫീന്‍ അഹമ്മദിന്റെ നിര്‍ദേശാനുസരണമാണ് സംഘം കേസ് അന്വേഷിക്കുന്നത്. സംഘത്തില്‍ എസ്‌ഐ മാരായ ശാന്തകുമാര്‍, ബിജുകുമാര്‍, അസി. സബ് ഇന്‍സ്‌പെക്ടര്‍മാരായ ഹരികുമാര്‍, അശോകന്‍, സുനില്‍കുമാര്‍, അരുണ്‍ എന്നിവരും ഉണ്ടായിരുന്നു. പ്രതികളെ കാട്ടാക്കട കോടതിയില്‍ ഹാജരാക്കി.