മുളങ്കുന്നത്തുകാവ്: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഭരണകക്ഷി യൂണിയന്‍ നേതാവിന്റെ ലാബ് ടെക്‌നീഷനായ ഭാര്യയ്ക്കായി ഇസിജി എടുക്കുന്നതിനുള്ള സമയക്രമത്തില്‍ മാറ്റം വരുത്തിയതായി ആക്ഷേപം. ഇതു ചോദ്യംചെയ്ത സീനിയര്‍ ടെക്‌നീഷനെ സ്വാധീനമുപയോഗിച്ച് സ്ഥലംമാറ്റിയതായും ആരോപണമുണ്ട്. നേരത്തേ ഉച്ചയ്ക്ക് ഒരു മണിവരെയായിരുന്ന ഇസിജി എടുക്കുന്നതിനുള്ള സമയം രോഗികളുടെ നിരന്തര ആവശ്യത്തെതുടര്‍ന്ന് വൈകീട്ട് നാലുമണിവരെയാക്കി സൂപ്രണ്ട് ഉത്തരവ് ഇറക്കിയിരുന്നു.
ഇതു രോഗികള്‍ക്ക് ഏറെ ഗുണകരമാവുകയും ചെയ്തു. എന്നാല്‍, നേതാവിന്റെ ലാബ് ടെക്‌നീഷ്യയായ ഭാര്യയുടെ ആവശ്യപ്രകാരം സമയം രണ്ടു മണിവരെയാക്കി വെട്ടിച്ചുരുക്കുകയായിരുന്നു എന്നാണ് ആക്ഷേപം. ഇതിനെതിരേ രംഗത്തുവന്ന സീനിയര്‍ ടെക്‌നീഷനെയാണ് മണിക്കൂറുകള്‍ക്കകം നെഞ്ചുരോഗാശുപത്രിയിലേക്കു സ്ഥലം മാറ്റിയത്. രോഗികളെ ബുദ്ധിമുട്ടിക്കരുതെന്നും ഷിഫ്റ്റ് പ്രകാരമുള്ള സമയക്രമത്തില്‍ മാറ്റം വരുത്താന്‍ പാടില്ലെന്നുമുള്ള സീനിയര്‍ ടെക്‌നീഷന്റെ നിലപാടാണ് യൂണിയന്‍ നേതാവിനെ ചൊടിപ്പിച്ചത്.
ആയിരക്കണക്കിനു രോഗികള്‍ പ്രതിദിനം ചികിത്സ തേടിയെത്തുന്ന ആശുപത്രിയില്‍ ഒപി സമയം കഴിഞ്ഞാല്‍ ഇസിജി എടുക്കാന്‍ കാത്തു നില്‍ക്കുന്ന രോഗികളെ അടുത്തദിവസം വരാന്‍ പറഞ്ഞ് മടക്കി അയയ്ക്കുകയായിരുന്നു പതിവ്. ഇവരില്‍ പലര്‍ക്കും സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ടിവരാറുണ്ട്. മാധ്യമങ്ങളും ആവശ്യപ്പെട്ടതിനെതുടര്‍ന്ന് നാലുമണിവരെയായി സമയം പുതുക്കി നിശ്ചയിച്ചപ്പോള്‍ നേരിയ ആശ്വാസം ലഭിച്ചിരുന്ന രോഗികള്‍ സമയം വീണ്ടും കുറച്ചതോടെ ദുരിതത്തിലായിരിക്കുകയാണ്. ഇസിജി സമയം വെട്ടിക്കുറച്ചത് പുനഃസ്ഥാപിക്കണമെന്നാണ് രോഗികളുടെ ആവശ്യം.