കോലഞ്ചേരി: കുന്നത്തുനാട് നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി വി.പി. സജീന്ദ്രന്റെ രണ്ടാംഘട്ട തെരഞ്ഞെടുപ്പ് പ്രചാരണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചു. ഒന്നാംഘട്ട പ്രവര്‍ത്തനത്തിന് തുടക്കംകുറിച്ച് നിയോജകമണ്ഡലം, മണ്ഡലംതല യോഗങ്ങള്‍ നടത്തിയിരുന്നു. ഇതേ തുടര്‍ന്ന് വി.പി. സജീന്ദ്രന് പങ്കെടുത്ത ബൂത്ത് സമ്മേളനങ്ങളും നടന്നു. പട്ടിമറ്റത്ത് വികസന സെമിനാറും സംഘടിപ്പിച്ചു. എംഎല്‍എ എന്ന നിലയില്‍ സജീന്ദ്രന് കഴിഞ്ഞ അഞ്ച് വര്‍ഷംകൊണ്ട് മണ്ഡലത്തില്‍ നടത്തിയ വികസന-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തികൊണ്ടുള്ള “നന്മ നിറഞ്ഞ അഞ്ച് വര്‍ഷങ്ങള്‍’ എന്ന പുസ്തകം ആദ്യഘട്ട ഭവന സന്ദര്‍ശനത്തിലൂടെ യുഡിഎഫ് പ്രവര്‍ത്തകര്‍ വീടുകളിലെത്തിച്ചു.
രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സജീന്ദ്രന് നയിച്ച വികസനസന്ദേശ പദയാത്രകളും വികസന സദസും പതിനൊന്ന് മണ്ഡലങ്ങളിലും നടത്തി. പരവൂര്‍ ദുരന്തത്തെ തുടര്‍ന്ന് മാറ്റിവെച്ച കിഴക്കമ്പലം മണ്ഡലത്തിലെ പദയാത്ര 18ന് നടക്കും. ഇന്നലെ കിഴക്കമ്പലം പഞ്ചായത്തിലാണ് വി.പി.സജീന്ദ്രന് പര്യടനം നടത്തിയത്.
മലയിടംതുരുത്ത്, പുക്കാട്ടുപടി, താമച്ചാല്, പഴങ്ങനാട്, കിഴക്കമ്പലം എന്നിവിടങ്ങളിലെ വ്യാപാര സ്ഥാപനങ്ങള്‍, വിവിധ ഓഫീസുകള്‍, ബസ്കാത്തിരിപ്പു കേന്ദ്രങ്ങള്‍ എന്നിവിവിടങ്ങളില് വോട്ടഭ്യര്‍ഥിച്ചു. യുഡിഎഫ് നേതാക്കളായ എം.പി. രാജന്, കെ.വി. ആന്റണി, കെ. കുഞ്ഞുമുഹമ്മദ്, ജോളി ബേബി, സി.പി. തോമസ്, റഷീദ് കാച്ചാംകുഴി, സജി പോള്‍, രാജന് കൊമ്പാനാലില്, ചാക്കോ പി. മാണി, സെബി ആന്റണി, ജിനോ ജോര്‍ജ്, അജോ ജോണ്‍, സിസിലി ജോയ് എന്നിവര്‍ സ്ഥാനാര്‍ഥിയെ അനുഗമിച്ചു.