രാമായണമാസാചരണം: രാമായണഗ്രന്ഥങ്ങളുടെ പ്രദര്‍ശനത്തിനു ഗുരുവായൂരില്‍ തുടക്കമായി

tcr-ramayanamഗുരുവായൂര്‍: നാലുഭാഷകളിലായി 80ലേറെ രാമായണഗ്രന്ഥങ്ങളുടെ പ്രദര്‍ശനത്തിന് ഗുരുവായൂരില്‍ തുടക്കമായി. ദേവസ്വം മതഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍നടന്ന രാമായണ ഗ്രന്ഥപ്രദര്‍ശനങ്ങളുടെ ഉദ്ഘാടനം ദേവസ്വം ഭരണസമിതി അംഗം കെ. കുഞ്ഞുണ്ണി ഉദ്ഘാടനം ചെയ്തു. കവി രാധാകൃഷ്ണന്‍ കാക്കശേരി അധ്യക്ഷത വഹിച്ചു. വി.പി. ഉണ്ണികൃഷ്ണന്‍, ഷാജു പുതൂര്‍, വി. രാജലക്ഷ്മി, ഡോ. വി. അച്യുതന്‍കുട്ടി എന്നിവര്‍ പ്രസംഗിച്ചു.

അപൂര്‍വ രാമായാണ ഗ്രന്ഥങ്ങളായ അഗസ്ത്യ രാമായാണം, ഫാ. കാമില്‍ഗുല്‍ക്കെയുടെ രാമകഥ, തുളസീദാസ രാമായാണം, കമ്പ രാമായണം, മാപ്പിള രാമായണം, രാമായണം നാടകങ്ങള്‍, പി. കുഞ്ഞിരാമന്റെ ശ്രീരാമചരിതം, ചിത്രരാമായണം, താളിയോലയിലുള്ള എഡി 1865-ലെ രാമായണംമൂലം, രാമായണം സുന്ദരകാണ്ഡം, എഴുത്തച്ഛന്റെ ആധ്യാത്മികരാമായണം തുടങ്ങി അപൂര്‍വ രാമായണ ഗ്രന്ഥങ്ങളാണ് പ്രദര്‍ശനത്തിന് ഒരുക്കിയിട്ടുള്ളത്.

ദേവസ്വം മതഗ്രന്ഥശാലയോട് ചേര്‍ന്നുള്ള ഹാളില്‍ കര്‍ക്കടകത്തിലെ 32 ദിവസവും പ്രദര്‍ശനം ഉണ്ടാകും. രാമായണം പ്രശ്‌നോത്തരി മത്സരവും ഇതിന്റെ ഭാഗമായി നടത്തുന്നുണ്ട്. തിരുവില്വാമല: ശ്രീവില്വാദ്രിനാഥ ക്ഷേത്രത്തില്‍ രാമായണ മാസാചരണത്തിനു തുടക്കമായി.  ശ്രീരാമ ലക്ഷ്മണന്മാരോടൊപ്പം ഹനുമാന്റെയും പ്രതിഷ്ഠയുള്ള ഏക ക്ഷേത്രമാണ് തിരുവില്വാമല ശ്രീവില്ലാദ്രിനാഥ ക്ഷേത്രം.  ഹനുമാന്‍ കോവിന്റെ പിച്ചള പൊതിയില്‍ പൂര്‍ത്തിയായി.

രാവിലെ രാമായണപാരായണം, ശീവേലി, നവകാഭിഷേകം, പന്തീരടിപൂജ, പഞ്ചവാദ്യം എന്നിവയ്ക്കുശേഷം പ്രസാദ ഊട്ട് നടന്നു.  വൈകീട്ട് വിളക്കുവയ്പ്പ്, ദീപാരാധന എന്നിവയുണ്ടാകും. വഴിപാടുകള്‍ക്ക് പ്രത്യേക കൗണ്ടറുകളും മുന്‍കൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ദേവസ്വം മാനേജര്‍ സുനില്‍ കര്‍ത്ത അറിയിച്ചു.  പറക്കോട്ടുകാവില്‍ രാവിലെ അഷ്ടദ്രവ്യ ഗണപതിഹോമം, വൈകീട്ട് ഭഗവത്‌സേവ, ഞായറാഴ്ചകളില്‍ അന്നദാനം എന്നിവയുണ്ടാകും.

Related posts