കണ്ണൂര്‍: മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടികൂടാന്‍ സഹായിക്കുന്ന യന്ത്രത്തിന്റെ മാതൃകയില്‍ ലഹരി ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നവരെ കണെ്ടത്താനും യന്ത്രം കൊണ്ടുവരുമെന്ന് എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ്. തോട്ടട എസ്എന്‍ ട്രസ്റ്റ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ഭാരത് സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സിന്റെ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോള്‍ എക്സൈസ് സംഘം കൂടുതല്‍ സമയം ചെലവഴിക്കുന്നത് സ്കൂള്‍, കോളജ് പരിസരങ്ങളിലാണ്. രണ്ടുമാസത്തിനുള്ളില്‍ 380 കേസുകള്‍ എടുത്തിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരങ്ങള്‍ പാന്‍ ഉത്പന്നങ്ങളുടെ വിപണനകേന്ദ്രങ്ങളാണ്. ഇതിനെതിരേ ശക്തമായ നടപടികള്‍ ആവശ്യമാണ്.
കുട്ടികള്‍ ലഹരി ഉത്പന്നങ്ങള്‍ ഉപയോഗിച്ച് ഭൂമിക്ക് ഭാരമാകരുത്. ഇന്ത്യയ്ക്കു വേണ്ടി കായികതാരങ്ങളായും കലാകാരന്മാരായും വളര്‍ന്നുവരണം. വാട്ട്സ്ആപ്പ്, ഫേസബുക്ക് തുടങ്ങിയവ കൂടുതല്‍ സമയം ഉപയോഗിക്കരുത്. വേണമെങ്കില്‍ 10 മുതല്‍ 20 മിനിറ്റ് വരെ മാത്രം ദിവസവും ഉപയോഗിക്കാം. വീട്ടില്‍ സമയം ലഭിക്കുമ്പോഴൊക്കെ സഹോദരങ്ങളും അച്ഛനമ്മമാരുമായി സംസാരിക്കാന്‍ ശ്രമിക്കണമെന്നും അദ്ദേഹം വിദ്യാര്‍ഥികളോട് ആവശ്യപ്പെട്ടു.
അയല്പക്കക്കാരോടും സംസാരിക്കണം. അതൊക്കെ ജീവിതത്തില്‍ പോസിറ്റീവായ ചിന്താധാരകള്‍ തുറക്കും. 18 വയസിനു താഴെ സ്വന്തമായി ആരും വാഹനമോടിച്ചുപോകരുത്. വളരെ വിഷമത്തോടെ പറയുകയാണ് എന്തിനാണ് നിങ്ങളുടെ ജീവിതം റോഡില്‍ തകര്‍ത്തെറിയുന്നത്. നല്ല പൗരന്മാരായി വളരാന്‍ ശ്രമിക്കണമെന്നും ഋഷിരാജ് സിംഗ് പറഞ്ഞു.
പിടിഎ പ്രസിഡന്റ് എ.പി.ഹരിതന്‍ അധ്യക്ഷത വഹിച്ചു.എസ്എന്‍ ട്രസ്റ്റ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ ജെ. ബിജു, എസ്എന്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ശിവദാസന്‍ തിരുമംഗലത്ത്, എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ വി.ഡി.സുരേന്ദ്രന്, എ.കെ.സജിത്ത്, രഖില രമേശന് എന്നിവര്‍ പ്രസംഗിച്ചു.