കല്‍പ്പറ്റ: വയനാട് ജില്ലയില്‍ 2016-17 സാമ്പത്തിക വര്‍ഷം 118,40,00,000 രൂപയുടെ പ്രവൃത്തികള്‍ക്ക് ജില്ലാ പഞ്ചായത്ത് അംഗീകാരം നല്കി. ജില്ലയിലെ വിവിധ ഗ്രാമപഞ്ചായത്തുകളും ബ്ലേക്ക് പഞ്ചായത്തുകളും തയാറാക്കിയ പ്രവൃത്തികള്‍ ക്രോഡീകരിച്ചാണ് അടുത്ത സാമ്പത്തികവര്‍ഷത്തെ ലേബര്ബഡ്ജറ്റിന് ജില്ലാ പഞ്ചായത്ത് രൂപം നല്‍കിയിട്ടുള്ളത്. ഇതു പ്രകാരം കാര്‍ഷിക മേഖലയില്‍ കൂടുതല്‍ ആസ്തികള്‍ സൃഷ്ടിക്കുന്നതിനുളള പ്രവൃത്തികള്‍ക്കാണ് മുന്‍ഗണന നല്‍കുകയെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാകുമാരി അറിയിച്ചു.
ചെറുകിട, പരിമിത കര്‍ഷകര്‍ക്ക് കാര്‍ഷികാവശ്യത്തിനായി 450 കുളങ്ങള്‍ നിര്‍മിക്കുന്നതിനുളള പദ്ധതികള്‍ക്കാണ് ജില്ലാപഞ്ചായത്ത് രൂപം നല്‍കിയിട്ടുള്ളത്. അഞ്ച് ഏക്കറില്‍ താഴെ കൃഷിഭൂമി കൈവശത്തില്‍ ഉള്ളവരും കൃഷി മുഖ്യ ജീവിതോപാധിയായവരുമായ കര്‍ഷകര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. ഇത്തരം കുളങ്ങള്‍ ബലപ്പെടുത്തുന്നതിനുവേണ്ടി അരിക് ഭിത്തികള്‍ കയര്‍ഭൂവസ്ത്രം വിരിച്ച് ബലപ്പെടുത്തുന്നതുമാണ്.
ഇതിനാവശ്യമായ അപേക്ഷകള്‍ ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത് മെമ്പറുടെ ശുപാര്‍ശയോടുകൂടി അതാതു ഗ്രാമപഞ്ചായത്തുകളിലാണ് നല്‍കേണ്ടത്. ഇത്തരം കുളങ്ങളില്‍ ജില്ലാപഞ്ചായത്തിന്റെ മത്സ്യകൃഷി വ്യാപനസ്കീമില് ഉള്‍പ്പെടുത്തി ഫിഷറീസ് വകുപ്പ് മുഖേന മത്സ്യകുഞ്ഞുങ്ങളേയും സൗജന്യമായി നിക്ഷേപിക്കുന്നതാണ്. മത്സ്യകൃഷിയിലൂടെ വര്‍ഷത്തില്‍ 10,000 രൂപയുടെ എങ്കിലും വരുമാനം കര്‍ഷകര്‍ക്ക് ലഭിക്കുന്നുണ്ട് എന്ന് കണ്ടെത്തിയിട്ടുണ്ട്.