വാഴ്‌സിറ്റിയിലെ സിന്തറ്റിക് ട്രാക്ക് പി.ടി.ഉഷ സന്ദര്‍ശിച്ചു

KKD-USHAതേഞ്ഞിപ്പലം: കാലിക്കട്ട് സര്‍വകലാശാലയില്‍ അവസാനഘട്ട ജോലികള്‍ നടക്കുന്ന സിന്തറ്റിക് ട്രാക്ക് പത്മശ്രീ പി.ടി.ഉഷ സന്ദര്‍ശിച്ചു. ഏഷ്യയിലെ തന്നെ ഏറ്റവും മികച്ചതും അന്താരാഷ ട്ര നിലവാരത്തിലുള്ളതുമായ സിന്തറ്റിക് ട്രാക്കാണ് കാലിക്കട്ട് സര്‍വകലാശാല കാമ്പസില്‍ യാഥാര്‍ഥ്യമാകുന്നതെന്ന് പി.ടി.ഉഷ പറഞ്ഞു.തന്റെ കായിക ജീവിതത്തില്‍ നേട്ടങ്ങള്‍ ഉണ്ടാക്കി തന്നതും ഉയരങ്ങള്‍ കീഴടക്കാന്‍ വഴിയൊരുക്കിയതുമായ സര്‍വകലാശാല സ്റ്റേഡിയം ഇന്ത്യന്‍ കായികരംഗത്തിന് അഭിമാനിക്കത്തക്ക വിധത്തില്‍ വികസിച്ചത് സന്തോഷമുണെ്ടന്നും അവര്‍ പറഞ്ഞു.

കാലിക്കട്ട് സര്‍വകലാശാലയ്ക്ക് വേണ്ടി അഖിലേന്ത്യാ അന്തര്‍സര്‍വകലാശാല മത്സരങ്ങളില്‍ നിരവധി മെഡലുകള്‍ വാരിക്കൂട്ടുകയും അതുവഴി രാജ്യാന്തര പ്രശസ്തിയിലേക്ക് ഉയരുകയും ചെയ്ത പി.ടി.ഉഷ അരമണിക്കൂറോളം സ്റ്റേഡിയത്തില്‍ ചെലവഴിച്ചു. തന്റെ ശിഷ്യര്‍ക്ക് മേയില്‍ നടക്കാനിരിക്കുന്ന ദേശീയ യൂത്ത് അത്‌ലറ്റിക് മീറ്റില്‍ കേരളത്തെ പ്രതിനിധീകരിച്ച് സര്‍വകലാശാലയുടെ ട്രാക്കില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാനാകുമെന്ന് അവര്‍ പ്രത്യാശ പ്രകടിപ്പിച്ചു.

ഉഷ സ്‌പോര്‍ട്‌സ് സ്കൂളിലെ സഹപരിശീലകനും ഭര്‍ത്താവുമായ ശ്രീനിവാസനോടൊപ്പമായിരുന്നു പി.ടി.ഉഷയുടെ സന്ദര്‍ശനം. സര്‍വകലാശാല കായിക വിഭാഗം മേധാവി ഡോ.വി.പി.സക്കീര്‍ ഹുസൈന്‍, സിന്തറ്റിക് ട്രാക്കിന്റെ നിര്‍മാണ ചുമതലയുള്ള പോളിടെന്‍ കമ്പനിയുടെ കോണ്‍ട്രാക്ടര്‍ ഐസക് പീറ്റര്‍, ജര്‍മ്മന്‍ വിദഗ്ധ സംഘം എന്നിവരുമായി പി.ടി.ഉഷ ആശയവിനിമയം നടത്തി. സിന്തറ്റിക് ട്രാക്കിന്റെ ജോലി 20 ഓടെ പൂര്‍ത്തിയാകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Related posts