കരുനാഗപ്പള്ളി: വേദനയും പേറി വീടുകളിലെ നാലു ചുവരുകളില്‍ രോഗം കൊണ്ട് വലഞ്ഞ് തളര്ന്നവര്, ജിവിതാവസാനം മാത്രം മുന്നില്‍ കണ്ട് ചുറ്റുമുള്ള ലോകത്തിന്റെ വെളിച്ചം തനിക്കിനി അന്യമാണന്ന് വിശ്വസിച്ചിരുന്നവര്‍ അവരെല്ലാം മറന്ന് ഒത്ത് കൂടി.പലര്‍ക്കും തങ്ങളേക്കാള്‍ വേദന തിന്നുവരുടെ കാഴ്ചകള്‍ അവരുടെ പ്രതിരോധം കൂടുതല്‍ ആത്മവിശ്വാസം നല്കി. കൂടാതെ എന്തിനും തങ്ങള്‍ക്കൊപ്പം ഉണെ്ടന്ന ഉറപ്പുമായി നൂറിലധികം സന്നദ്ധപ്രവര്‍ത്തകര്‍, ഡോക്ടര്‍മാര്‍, മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍.
സാന്ത്വന പരിചരണരംഗത്ത് വേറിട്ട മാതൃകയായി നടന്ന ഈ കൂട്ടായ്മ വേറിട്ട കാഴ്ചകള്‍ക്കും വേദിയായി. കരുനാഗപ്പള്ളി ക്യാപ്റ്റന്‍ ലക്ഷ്മി ഹെല്‍ത്ത് ആന്റ് കെയര്‍ പാലിയേറ്റീവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിലാണ് സാന്ത്വന സ്പര്‍ശം എന്ന പേരില്‍ പരിപാടി സംഘടിപ്പിച്ചത്. രോഗശയ്യയിലായതിന് ശേഷം പുറം ലോകവുമായുള്ള ബന്ധം നഷ്ടപ്പെട്ടവരും പൊതു ചടങ്ങുകളില്‍ പങ്കെടുക്കാത്തവരുമായ നൂറോളം രോഗികളും അവരുടെ ബന്ധുക്കളുമായിരുന്നു പരിപാടിയിലെ പ്രധാന സാന്നിധ്യം. മാറാരോഗങ്ങള്‍ക്ക് അടിമപ്പെട്ട കുട്ടികളും പ്രായാധിക്യ അവശതകള്‍ പോലും മറന്ന് വൃദ്ധരും ചടങ്ങിനെത്തിയിരുന്നു.
നിരവധി വാഹനങ്ങളിലും ആംബുലന്സുകളിലുമായിട്ടാണ് ഇവരെ പരിപാടി നടന്ന കരുനാഗപ്പളളി ഗേള്‍സ് ഹൈസ്കൂളില്‍ എത്തിച്ചത്. ഇവര്‍ക്കായി സംഗീതവിരുന്നും ഇവര്‍ കഴിക്കുന്ന ഭക്ഷണവും പുതുവസ്ത്രങ്ങളും നല്‍കിയാണ് ഇവരെ തിരികെ വീടുകളില്‍ എത്തിച്ചത്.സാന്ത്വന പരിചരണത്തിന്റെ നേര്‍ക്കാഴ്ച ചൂണ്ടികാട്ടുന്ന പ്രദര്‍ശവും ഇതോടപ്പം നടന്നു. ഡോ.അരവിന്ദിന്റെ ഓര്‍മയ്ക്കായി കുടംബാംഗങ്ങള്‍ വാങ്ങി നല്കിയ ആംബുലന്‍സിന്റെ തോക്കോല്ദാനവും ചടങ്ങില്‍ നടന്നു.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഏതോ ഡോക്ടര്‍മാര്‍ പരിശോധിച്ച് നല്കിയ മരുന്നാണ് ഇവിടെ എത്തിയ പലരോഗികളും രോഗം ഭേദമാകാനായി കഴിച്ച് കൊണ്ടിരുന്നത്.ഡോ.നിസാറിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം ഇവരെ പരിശോധിച്ച് ഓരോ രോഗിക്കും പ്രത്യേകചികിത്സാസഹായവും നല്കി. ചടങ്ങില്‍ ഇന്‍ഡ്യന്‍ പാലിയേറ്റീവ് പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാക്കളില്‍ ഒരാളായ ഡോ.എം.ആര്.രാജഗോപാല്‍ കുടംബസമേതം പരിപാടിയില്‍ പങ്കാളിയായി.
സാന്ത്വന സ്പര്‍ശനം കൂട്ടായ്മ അദ്ദേഹം ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്മാന് ക്ലാപ്പന സുരേഷ് അധ്യക്ഷത വഹിച്ചു. സൊസൈറ്റി രക്ഷാധികാരി പി.ആര്. വസന്തന്, കെ.ജി.ശിവപ്രസാദ്, കോട്ടയില്‍രാജു, സ്കൂള്‍ പ്രഥമധ്യാപകരായ ശ്രീലത, പത്മകുമാര്‍, ഡോക്ടര്‍മാരായ പരമേശ്വരന്‍പിള്ള, ശ്രീകുമാര്‍, മജീദ്, നഗരസഭ അധ്യക്ഷ എം.ശോഭന, ആര്.രാജശേഖരന്, സൂസന്‍കോടി, പി.കെ.ബാലചന്ദ്രന്, ഷാജഹാന് രാജധാനി, പോച്ചയില്‍ നാസര്‍ തുടങ്ങി നിരവധി പേര് പങ്കെടുത്തു.