വൈദ്യുതി ഇല്ലാത്ത വീടുകള്‍ തിരക്കി കെഎസ്ഇബി എത്തി; വെളിച്ചത്തിനായി 230 അപേക്ഷകര്‍

ktm-currentഎരുമേലി: മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തെ ആശ്രയിക്കുന്ന കുടുംബങ്ങളെപ്പറ്റി ചോദിച്ചറിഞ്ഞും തിരക്കിപ്പിടിച്ചും കെഎസ്ഇബി ജീവനക്കാര്‍ എത്തിയപ്പോള്‍ വീട്ടുകാര്‍ക്ക് അദ്ഭുതം. ഒരു രൂപ പോലും ചെലവില്ലാതെ ഉടനെ വൈദ്യുതി കണക്ഷന്‍ നല്‍കാമെന്ന് ഉറപ്പു നല്‍കി അപേക്ഷ നല്‍കാന്‍ നിര്‍ദേശിച്ച് ജീവനക്കാര്‍ മടങ്ങിയപ്പോള്‍ വീട്ടുകാര്‍ക്ക് അതിരറ്റ സന്തോഷം.സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സമ്പൂര്‍ണ വൈദ്യുതീകരണ പദ്ധതിയുടെ ഭാഗമായാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി എരുമേലി കെഎസ്ഇബി സെക്ഷനിലെ ജീവനക്കാര്‍ മേഖലയില്‍ വൈദ്യുതീകരണം നടത്തിയിട്ടില്ലാത്ത വീടുകളെപ്പറ്റി അന്വേഷിച്ച് എത്തിക്കൊണ്ടിരിക്കുന്നത്.

ജീവനക്കാര്‍ നടത്തിയ വിവര ശേഖരണത്തിന്റെ ഫലമായി വൈദ്യുതീകരണത്തിനായി ഇതുവരെ 230 അപേക്ഷകള്‍ ലഭിച്ചെന്നു സെക്ഷന്‍ അസിസ്റ്റന്റ് എന്‍ജിനിയര്‍ പറഞ്ഞു. ഓരോ വീടുകളിലും വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിന്റെ ചെലവുകള്‍ സംബന്ധിച്ച എസ്റ്റിമേറ്റ് തയാറാക്കി വരികയാണ്. ഇത് 25ന് സമര്‍പ്പിച്ച് അനുമതി ലഭിക്കുന്നതോടെ വൈദ്യുതീകരണം ആരംഭിക്കും. വീടിന്റെ ഉടമസ്ഥാവകാശം ഉള്‍പ്പെടെ രേഖകളില്‍ കടുംപിടിത്തം വേണെ്ടന്നാണ് നിര്‍ദേശം. സര്‍വീസ് ചാര്‍ജോ മറ്റ് ഫീസുകളോ ഈടാക്കാതെ തികച്ചും സൗജന്യമായാണ് കണക്ഷന്‍ നല്‍കുക. വീടുകളില്‍ വയറിംഗ് നടത്താന്‍ കഴിവില്ലാത്തവര്‍ക്ക് ആവശ്യമായ ധനസഹായവും ലഭിക്കും.

ഇതിനായി പഞ്ചായത്താണ് പദ്ധതി തയാറാക്കിക്കൊണ്ടിരിക്കുന്നത്. ഈ മാസം ഒടുവില്‍ ജില്ലാതല സമിതിക്ക് പഞ്ചായത്ത് പദ്ധതി സമര്‍പ്പിക്കും. ഫണ്ട് തികയാതെ വന്നാല്‍ എംപി ഫണ്ടുകൂടി ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തലത്തില്‍ ധാരണയായിട്ടുണ്ട്. പാവപ്പെട്ട കുടുംബങ്ങള്‍ക്ക് എന്നും സ്വപ്നമായിരുന്ന വൈദ്യുതി നടപടികള്‍ പൂര്‍ത്തിയാകുന്നതോടെ ഉടന്‍ യാഥാര്‍ഥ്യമാകുകയാണ്.

Related posts