ശബരിമല തീര്‍ഥാടനം; മുന്നൊരുക്കങ്ങളില്‍ മുന്‍ സര്‍ക്കാരിന്റെ കീഴ്‌വഴക്കങ്ങള്‍ കാറ്റില്‍ പറത്തിയെന്ന്

sabarimalaപത്തനംതിട്ട: ശബരിമല തീര്‍ഥാടന മുന്നൊരുക്കങ്ങളില്‍ മുന്‍ സര്‍ക്കാരുകള്‍ കൈക്കൊണ്ടിരുന്ന എല്ലാ കീഴ്‌വഴക്കങ്ങളും പിണറായി സര്‍ക്കാര്‍ കാറ്റില്‍ പറത്തിയതായി കെപിസിസി സെക്രട്ടറി പഴകുളം മധുവും എക്‌സിക്യൂട്ടിവംഗം കെ.പ്രതാപനം ഡിസിസി വൈസ് പ്രസിഡന്റ് വെട്ടൂര്‍ ജ്യോതി പ്രസാദും പത്രസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. ജില്ലയ്ക്ക് അര്‍ഹതപ്പെട്ട റോഡ് വികസന ഫണ്ട് അട്ടിമറിച്ച് പൊതുമരാമത്ത് മന്ത്രി സ്വന്തം ജില്ലയിലേക്ക് വകമാറ്റി.

ഇടത്താവള വികസനം പൂര്‍ണമായും സ്തംഭിച്ചു. ബദല്‍ സംവിധാനം ഒരുക്കാതെ പന്തളം പഴയപാലം പൊളിച്ച് മാറ്റിയത് ഗുരുതരമായ ഗതാഗത പ്രശ്‌നം സൃഷ്ടിക്കുന്നു. പുതിയ പാലം പണി ഇഴഞ്ഞാണ് നീങ്ങുന്നത്. സീസണ് മുമ്പ് പൂര്‍ത്തീകരിക്കാന്‍ യുദ്ധകാല അടിസ്ഥാനത്തില്‍ നടപടി വേണം. പേരൂര്‍ച്ചാല്‍ പാലവും തിരുവാഭരണ പാതകളും പൂര്‍ണമായും അവഗണിക്കപ്പെട്ടു. അവലോകനയോഗങ്ങള്‍ വഴിപാടായി മാറുന്നു.

വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ഏകോപനവും ശബരിമല ഉന്നതാധികാര സമിതിയുടെ പ്രവര്‍ത്തനങ്ങളും താറുമാറായി. തീര്‍ഥാടനകാലം ആരംഭിക്കാന്‍ ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെ സര്‍ക്കാരിന്റെ മെല്ലെപ്പോക്കും നിരുത്തരവാദിത്വവും ലക്ഷക്കണക്കിന് തീര്‍ഥാടകരെ ദുരതത്തിലാക്കുന്ന അവസ്ഥയിലാണ്. സര്‍ക്കാര്‍ അലംഭാവം അവസാനിപ്പിച്ചില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.

Related posts