മംഗലംഡാം: മംഗലംഡാമില്‍ നിന്നും മൂന്ന് ദിവസമായി കനാലിലേക്ക് വിട്ടിരുന്ന വെള്ളം അടച്ചു. കനാലുകളുടെ വൃത്തിയാക്കല്‍പണികള്‍ പൂര്‍ത്തിയാക്കാത്തതിനാലാണ് ഇത്. വെള്ളം വിട്ടതുമൂലം കനാല്‍പണികള്‍ രണ്ട് ദിവസമായി തടസപ്പെട്ടിരുന്നു. വെള്ളം നിറഞ്ഞ കനാലില്‍ നിന്നും മാലിന്യവും മണ്ണും നീക്കാന്‍ ബുദ്ധിമുട്ടാണെന്ന പരാതിയുണ്ടായി. വെള്ളത്തിലിറങ്ങിയായിരുന്നു പണികള്‍. ഇനി കളക്ടറുടെ സാനിധ്യത്തില്‍ നടക്കുന്ന പാടശേഖരസമിതി ഭാരവാഹികളുടെ യോഗത്തിലാകും എന്ന് മുതല്‍ കനാലുകളിലേക്ക് വെള്ളം തുറക്കണമെന്ന് തീരുമാനിക്കുക.
ജലനിരപ്പ് പരമാവധിയിലെത്തി പിന്നീടുള്ള അധികജലം പുഴയിലേക്ക് വിട്ട്പാഴാക്കുന്നതിനെതിരെ കര്‍ഷകരുടെ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിനാലാണ് പുഴയിലേക്ക് തുറക്കുന്നതിനു പകരം ഇടത്-വലത് കനാലുകളിലേക്ക് വെള്ളം വിട്ടത്. എന്നാല്‍ ഇത് കനാലുകള്‍ വൃത്തിയാക്കുന്ന തൊഴിലുറപ്പ് തൊഴിലാളികള്‍ക്കാണ് ബുദ്ധിമുട്ടായത്. കനാലുകള്‍ വൃത്തിയാക്കുന്ന പണികള്‍ വൈകുന്നതാണ് വെള്ളം പാഴായി പോകാന്‍ കാരണമായിട്ടുള്ളത്. കിഴക്കഞ്ചേരി വഴിയുള്ള ഇടത് കനാലിന്റെ പണികള്‍ പുരോഗമിക്കുന്നുണ്ടെങ്കിലും വണ്ടാഴിവഴിയുള്ള വലത് കനാലിന്റെ പണികള്‍ ഇഴയുകയാണ്. കഴിഞ്ഞ ശനിയാഴ്ച മുതലാണ് ഡാമില്‍ നിന്നും ഇടത്-വലത് കനാലുകളിലേക്ക് വെള്ളം തുറന്നിരുന്നത്. ഇന്നലെ വൈകുന്നേരത്തോടെയാണ് ഇത് അടച്ചത്.