കോട്ടക്കല്‍: മലപ്പുറം-കുളത്തൂര്‍ റോഡില്‍ ഈസ്റ്റ്കോഡൂര്‍ പി.കെ.പടി മുതല്‍ ചാഞ്ഞാല്‍ വരെ ഒരു കിലോമീറ്ററോളം ഭാഗത്ത് അപകടം പതിവാകുന്നു. കൊടുംവളവുകളും ചെങ്കുത്തായ കയറ്റവും റോഡിന്റെ ഒരു വശത്ത് വലിയ താഴ്ചയുമാണ് അപകടം വരുത്തുന്നതിന് പ്രധാന കാരണം. വികസനത്തിന്റെ ഭാഗമായി റോഡിന്റെ വശങ്ങളിലുണ്ടായിരുന്ന വന്മരങ്ങള് വെട്ടിയമാറ്റിയത് കാരണം അതിവേഗതയില്‍ വരുന്ന പല വാഹനങ്ങളും താഴ്ചയിലേക്ക് മറിയുകയാണ്.
റബ്ബറൈസേഷന്‍ നടത്തിയതോടെ വേഗത കൂടിയ വാഹനങ്ങള്‍ തമ്മില്‍ കൂട്ടിമുട്ടുന്നതും ഇവിടെ സ്ഥിരം കാഴ്ചയായിരിക്കുന്നു. വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവരെ പോലെ തന്നെ റോഡിന്റെ താഴെ ഭാഗത്ത് താമസിക്കുന്ന കുടുംബങ്ങളുടെയും ജീവന് ഭീഷണിയായതിനാല്‍, റോഡിന്റെ താഴ്ചയുള്ള വശത്ത് സംരക്ഷണ ഭിത്തികളും ആവശ്യമായ സ്ഥലങ്ങളിലെല്ലാം സൂചന ബോര്‍ഡുകളും അടിയന്തിരമായി സ്ഥാപിക്കണമെന്നു നാട്ടുകാര്‍ ആവശ്യപ്പെടുന്നു.