സമൂഹത്തിന്റെ നിലനില്‍പ്പിനായി പ്രകൃതി സംരക്ഷണം ഉറപ്പാക്കണം: എസ്. ശര്‍മ

ekm-sharmaവൈപ്പിന്‍ : ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വിവിധ ഹരിതപദ്ധതികളുടെ ജില്ലാതല ഉദ്ഘാടനം കുഴുപ്പിള്ളി സെന്റ് അഗസ്റ്റിന്‍സ് സ്കൂള്‍ ഹാളില്‍ എസ്. ശര്‍മ നിര്‍വഹിച്ചു. പെട്രോനെറ്റ് സിസികെയുടെ ധനസഹായത്തോടെ നടപ്പാക്കുന്ന വനവല്‍ക്കരണ പദ്ധതി, ബ്ലോക്ക് പഞ്ചായത്തിന്റെ നീര്‍ത്തട പദ്ധതിയുടെ ഭാഗമായ വൃക്ഷവല്‍ക്കരണം എന്നീ പദ്ധതികള്‍ക്കാണ് തുടക്കം കുറിച്ചത്. സമൂഹത്തിന്റെ നിലനില്‍പ്പിനായി പ്രകൃതി സംരക്ഷണം ഉറപ്പാക്കണമെന്ന് എസ്. ശര്‍മ പറഞ്ഞു. പ്രകൃതിദുരന്തങ്ങളെ നേരിടാനുള്ള ശ്രമങ്ങള്‍ ആദ്യകാലത്ത് ഉയര്‍ന്നുവന്നിരുന്നില്ല. ഇപ്പോള്‍ ഇക്കാര്യത്തില്‍ പൊതുബോധം ഉയര്‍ന്നിട്ടുണ്ട്.

ഇതിനെ കൂട്ടിയോജിപ്പിക്കുന്നതിനുള്ള പ്രകൃതിസംരക്ഷണ പദ്ധതികള്‍ ആവശ്യമാണെന്നും എംഎല്‍എ പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ. കെ കെ ജോഷി അധ്യക്ഷനായി. നീര്‍ത്തട വികസന പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്തംഗം പി.വി. ലൂയിസിന് വൃക്ഷത്തൈ നല്‍കി ഡോ. കെ.കെ. ജോഷിയും വനവല്‍ക്കരണ പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് വൈസ്പ്രസിഡന്റ് തുളസി സോമന് വൃക്ഷത്തൈ നല്‍കി പെട്രോനെറ്റ് സിസികെ വൈസ്പ്രസിഡന്റ് പി.കെ. ശിവാനന്ദനും നിര്‍വഹിച്ചു.

വനമിത്ര പുരസ്കാര ജേതാവ് പുരുഷോത്തമ കമ്മത്തിന് 25,000 രൂപ യുടെ ചെക്ക് വനംവകുപ്പ് മേധാവി ഡോ. ബി.എസ്. കോറി കൈമാറി . സ്കൂള്‍ മാനേജര്‍ ഫാ. പോള്‍ തേനായന്‍, പഞ്ചായത്ത് പ്രസിഡന്റ് സിന്ധു രാജേഷ്, ജില്ലാ പഞ്ചായത്തംഗം അയ്യമ്പിള്ളി ഭാസ്കരന്‍, അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കെ.ജെ. മാര്‍ട്ടിന്‍ ലോവല്‍ എന്നിവര്‍ സംസാരിച്ചു.

Related posts