സരോജിനിയമ്മയുടെ ആഗ്രഹം സഫലമായി ശാന്തിമന്ദിരത്തില്‍ സുരേഷ്‌ഗോപി എത്തി

alp-sureshgopiആലപ്പുഴ: ഒടുവില്‍ സരോജിനിയമ്മയുടെ ആഗ്രഹം പൂര്‍ത്തീകരിച്ചുകൊണ്ടു ചലച്ചിത്രനടനും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപി ആലപ്പുഴ ആലിശേരിയില്‍ പ്രവര്‍ത്തിക്കുന്ന നഗരസഭയുടെ ശാന്തിമന്ദിരത്തിലെത്തി. ഇന്നലെ ഉച്ചകഴിഞ്ഞു 2.40 ഓടെയായിരുന്നു സുരേഷ്‌ഗോപിയുടെ സന്ദര്‍ശനം. പ്രിയപ്പെട്ട താരത്തെ കണ്ട സരോജിനിയമ്മയുടെ കണ്ണുകള്‍ നിറഞ്ഞു. എറണാകുളത്തുനിന്നും തിരുവനന്തപുരത്തേക്കു പോകുന്ന വഴിയാണ് സുരേഷ്‌ഗോപി ഇവിടെ കയറിയത്.

സരോജിനിയമ്മയുടെ ആഗ്രഹമായിരുന്നു മരിക്കുന്നതിനുമുമ്പ് സുരേഷ്‌ഗോപിയെ ഒന്നു നേരില്‍ കാണണമെന്നത്. ശാന്തിമന്ദിരത്തിലെ സ്ഥിരം സന്ദര്‍ശകനായ ഗഫൂര്‍ ഇല്യാസ് ഈ അമ്മയുടെ ആഗ്രഹം വീഡിയോയില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ ഇടുകയും ഈ ദൃശ്യം വൈറലാകുകയും ചെയ്തിരുന്നു. തുടര്‍ന്നു സുരേഷ്‌ഗോപി കഴിഞ്ഞ മാതൃദിനത്തില്‍ ശാന്തിമന്ദിരത്തില്‍ എത്തുമെന്ന് അറിയിച്ചെങ്കിലും വന്നില്ല. തെരഞ്ഞെടുപ്പു തിരക്കായതിനാലായിരുന്നു അന്നു വരാഞ്ഞത്.

തെരഞ്ഞെടുപ്പ് കഴിഞ്ഞു എത്തുമെന്ന് ശാന്തിമന്ദിരം അധികൃതരെ അറിയിച്ചിരുന്നു. തുടര്‍ന്നായിരുന്നു ഇന്നലത്തെ സന്ദര്‍ശനം. അരമണിക്കൂറോളം ശാന്തിമന്ദിരത്തില്‍ ചെലവഴിച്ച അദ്ദേഹം വീണ്ടും വരുമെന്നു പറഞ്ഞുകൊണ്ടാണ് മടങ്ങിയത്. പോകുന്നവഴി സമീപത്തെ മഹിളാമന്ദിരത്തിലും സുരേഷ്‌ഗോപി കയറി.ആലപ്പുഴ നഗരസഭാ ചെയര്‍മാന്‍ തോമസ് ജോസഫ്, ടോമി പുലിക്കാട്ടില്‍, രാജീവ് വാര്യര്‍ എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

Related posts