തലശേരി: മനോജ് വധക്കേസില്‍ പി. ജയരാജനെ സിബിഐ സംഘം ചോദ്യം ചെയ്യുമ്പോള്‍ ജയില്‍ സൂപ്രണ്ടിന്റെ സാന്നിധ്യം സിബിഐയും ജയില്‍ സൂപ്രണ്ടും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണെന്നു സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് പ്രതിഭാഗം അഭിഭാഷകന് അഡ്വ. കെ. വിശ്വന് പറഞ്ഞു. സിബിഐക്കു പി. ജയരാജനെ സ്വതന്ത്രമായി ചോദ്യംചെയ്യാനുള്ള സാഹചര്യം ഒരുക്കണമെന്നാണ് കോടതി പറഞ്ഞത്. ഇക്കാര്യത്തില്‍ തങ്ങള്‍ക്കും എതിര്‍പ്പില്ല. ജയരാജനെ ചോദ്യം ചെയ്യുമ്പോള്‍ അദ്ദേഹത്തിന്റെ അഭിഭാഷകന് എന്ന നിലയ്ക്ക് അവിടെ നില്ക്കാന് നിയമപരമായിതന്നെ തനിക്ക് അവകാശമുണ്ടായിട്ടും താന്‍ അതിനു ശ്രമിച്ചിട്ടില്ല.
സിബിഐ സ്വതന്ത്രമായിട്ട് ജയരാജനെ ചോദ്യംചെയ്യട്ടേയെന്ന നിലപാടിന്റെ അടിസ്ഥാനത്തിലാണിത്. എന്നാല്‍ ഇപ്പോള്‍ ജയില്‍ സൂപ്രണ്ടിന്റെ സാന്നിധ്യം ചോദ്യംചെയ്യലില്‍ തടസമാണെന്ന് പറഞ്ഞ് ജയരാജനെ കസ്റ്റഡിയില്‍വാങ്ങി പീഡിപ്പിക്കാനുള്ള സിബിഐയുടെ ഗൂഡശ്രമമാണ് ഇതിന്റെ പിന്നില്‍. ആരോഗ്യസ്ഥിതി മോശമായിട്ടും ജയരാജനെ സെന്‍ട്രല്‍ ജയിലില്‍ എത്തിക്കുകയാണ് സൂപ്രണ്ട് നേരത്തെ ചെയ്തതെന്നും വിശ്വന് പറഞ്ഞു.