ഷൊര്‍ണൂര്‍: കേരളത്തില്‍ അടുത്ത ഭരണം പിടിക്കുമെന്ന ബിജെപി നേതാക്കളുടെ അഭിപ്രായം സ്വപ്‌നം മാത്രമാണെന്നു സിപിഐ ദേശീയഎക്‌സിക്യുട്ടീവ് അംഗം പന്ന്യന്‍ രവീന്ദ്രന്‍. ബിജെപിക്കു കേരളത്തില്‍ ഇനി അധികം വളര്‍ച്ചയില്ല. സ്വപ്‌നം കാണാനും അതു പറയാനും ആര്‍ക്കും അവസരമുണ്ട.് അങ്ങനെ പറഞ്ഞതാണെന്നു കരുതിയാല്‍ മതി- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഷൊര്‍ണൂരില്‍ കൊല്ലപ്പെട്ട സൗമ്യയുടെ അമ്മ സുമതിയുടെ കാരക്കാട്ടെ വീടു സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ തെരഞ്ഞെടുപ്പുകളിലും വോട്ടു വില്‍പനയാണു ബിജെപിയുടെ അജണ്ട. താന്‍ തിരുവനന്തപുരത്തു മത്സരിച്ചപ്പോള്‍ അതു നേരില്‍ വ്യക്തമായതാണെന്നും അദ്ദേഹം പറഞ്ഞു. യാതൊരു നയപരിപാടികളുമില്ലാത്ത പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറിക്കഴിഞ്ഞു. തെരഞ്ഞെടുപ്പുകാലത്തു കെ. ബാബുവിനോടു തെറ്റുതിരുത്തി മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ട കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ ഇപ്പോള്‍ കെ. ബാബുവിനു വേണ്ടി സംസാരിക്കുന്നതു സമ്മര്‍ദ്ധങ്ങള്‍ക്കു വിധേയമായി ആകാമെന്നും പന്ന്യന്‍ രവീന്ദ്രന്‍ അഭിപ്രായപ്പെട്ടു.
ഷൊര്‍ണൂരില്‍ സൗമ്യയെ ക്രൂരമായി കൊലപ്പെടുത്തിയ ഗോവിന്ദച്ചാമിക്കു വധകേസില്‍നിന്നു രക്ഷപ്പെടാന്‍ അവസരം നല്‍കുന്നതിനു പ്രവര്‍ത്തിക്കുന്ന സംഘങ്ങളെക്കുറിച്ച് അന്വേഷിക്കണം. ഗോവിന്ദച്ചാമി എന്ന കൊടുംകുറ്റവാളി മാപ്പര്‍ഹിക്കുന്നില്ല. ഗോവിന്ദച്ചാമിക്കുവേണ്ടി കേസ് നടത്താന്‍ വലിയൊരു അധോലോക സംഘം പ്രവര്‍ത്തിക്കുന്നുവെന്നു വേണം കരുതാന്‍. ഇത്തരം കുറ്റവാളികളെ ശിക്ഷിക്കുന്ന കാര്യത്തില്‍ ഭിന്നാഭിപ്രായത്തിനു സ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു. സിപിഐ ജില്ലാ സെക്രട്ടി കെ.പി.സുരേഷ് രാജും കൂടെയുണ്ടായിരുന്നു.