കരുനാഗപ്പള്ളി: രണ്ട് ദിവസമായി ആലപ്പാട് സുനാമി തീരത്ത് തുടരുന്ന കടലാക്രമണം കൂടുതല്‍ രൂക്ഷമായി. തീരത്തിന്റെ പലഭാഗ ങ്ങളിലും തീരദേശ റോഡ് മുറിച്ച് കടന്ന് കടല്‍ വെള്ളം ദേശീയജലപാതയിലേക്ക് ഒഴുകുകയാണ്. ആലപ്പാട് , ചെറിയഴീക്കല്‍, കുഴിത്തുറ, അഴീക്കല്‍ ഭദ്രന്മുക്ക് എന്നിവിടങ്ങളിലാണ് ശക്തമായ കടല്‍ കയറ്റം ഉണ്ടാകുന്നത്. സുനാമി ദുരന്തത്തിന് ശേഷം ഒരു വലിയ കടല്‍ കയറ്റം ഉണ്ടാകുന്നത് ഇത് ആദ്യമാണെന്ന് തീരദേശവാസികള്‍ പറയുന്നു.
കടല്‍ കയറ്റം പതിവാകുന്ന തീരദേശത്ത് വിവിധ മേഖലകളില്‍ ഇനിയും പുലിമുട്ട് നിര്‍മിക്കാന്‍ അധികൃതര്‍ തയാറാകുന്നില്ലെന്ന് ആക്ഷേപം ഉണ്ട്. അഴീക്കല്‍ ഭദ്രന്‍മുക്കില്‍ അരകിലോമീറ്ററിലധികം കടല്‍ കയറി വെള്ളം കെട്ടി കിടക്കുകയാണ്. ഇവിടെ റോഡും വെള്ളത്തിനടിയിലാണ് .ഇത് കാരണം വാഹന ഗതാഗതം ഭാഗികമായി തടസപ്പെടുന്നു.
കടല്‍ക്ഷോഭം മുന്നില്‍ കണ്ട് തീരം സംരക്ഷിക്കാന്‍ അധികൃതര്‍ തയാറാകണമെന്നാണ് തീരദേശവാസികളുടെ ആവശ്യം. ചെറിയഴീക്കലില്‍ ക്ഷേത്രവും സ്കൂളുകളും പ്രവര്‍ത്തിക്കുന്ന ഭാഗത്ത് കടലാക്രമണം രൂക്ഷമാണ്. ഇവിടെയും പുലിമുട്ട് സ്ഥാപിക്കണമെന്നാവശ്യവും ശക്തമാണ്.