സ്കൂളിനു സമീപം കൈയെത്തും ദൂരത്ത് അപകടം

EKM-TRANSFORMERകാലടി: മലയാറ്റൂര്‍ സെന്റ് തോമസ് സ്കൂളിന് സമീപം സ്ഥാപിച്ചിരിക്കുന്ന ട്രാന്‍സ്‌ഫോര്‍മറും റോഡിനോടു ചേര്‍ന്നു നില്‍ക്കുന്ന ഇലക്ട്രിക് പോസ്റ്റുകളും അപകട ഭീഷണിയാകുന്നു. ഒന്‍പതു കോടി രൂപ മുടക്കി പണി തീര്‍ത്ത കാലടി -മലയാറ്റൂര്‍ റോഡിനോടു ചേര്‍ന്നുളള ട്രാന്‍സ്‌ഫോര്‍മറും ഇലക്ട്രിക്ക് പോസ്റ്റുകളും വര്‍ഷങ്ങള്‍ക്ക് മുന്‍പ് മാറ്റി സ്ഥാപിക്കാമെന്ന് പ്രഖ്യാപനങ്ങള്‍ ഉണ്ടായെങ്കിലും അതെല്ലാം വാക്കുകളിലും വാര്‍ത്തകളിലും ഒതുങ്ങുകയായിരുന്നു. 1500 ല്‍ പരം കുട്ടികള്‍ പഠിക്കുന്ന വിദ്യാലയത്തിന് സമീപം യാതൊരു വിധത്തിലുള്ള സുരക്ഷയും ഇല്ലാതെയാണ് ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിച്ചിരിക്കുന്നത്.

റോഡിലൂടെ ടോറസ്‌പോലുള്ള വലിയ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ മാറി നില്‍ക്കാന്‍ പോലും ഇവിടെ സ്ഥലമില്ലായെന്നു മാത്രമല്ല കാല്‍നടയാത്രക്കാര്‍ക്കും ബസ്‌സ്റ്റോപ്പ് ആയതിനാല്‍ ബസ് കാത്ത് നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്കും ജീവന് ഭീഷണിയാണ്. വര്‍ഷക്കാലത്ത് ഇടിമിന്നലും കാറ്റും ഉണ്ടാകുമ്പോള്‍ട്രാന്‍സ്‌ഫോര്‍മറില്‍ നിന്നും തീയും പൊട്ടിത്തെറി ശബ്ദവും ഉണ്ടാകാറുണെ്ടന്ന പരിസരവാസികളുടെ പരാതികള്‍ക്കും വര്‍ഷങ്ങളുടെ പഴക്കമുണ്ട്.

വളരെ ഭീതിയോടെയാണ് പരിസരവാസികള്‍ ഇവിടെ താമസിക്കുന്നത്. നിരവധി പരാതികള്‍ ഉണ്ടായിട്ടും ഇത് മാറ്റി സ്ഥാപിക്കുന്നതിന് ബന്ധപ്പെട്ട കെഎസ്ഇബിയോ പിഡബ്ല്യൂഡിയോ മലയാറ്റൂര്‍ നീലീശ്വരം പഞ്ചായത്തോ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. കാലടി-മലയാറ്റൂര്‍ അടിവാരം റോഡില്‍ ജനങ്ങളുടെ ജീവനു ഭീഷണിയായി നില്‍ക്കുന്ന എല്ലാ ട്രാന്‍സ്‌ഫോര്‍മറുകളും ഇലക്ട്രിക് പോസ്റ്റുകളും അടിയന്തിരമായി മാറ്റി സ്ഥാപിക്കാന്‍ നടപടി ഉണ്ടാകണമെന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ് മലയാറ്റൂര്‍ നിലിശ്വരം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

കണ്‍വീനര്‍ ടി.ഡി. സ്റ്റീഫന്‍ യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് നെല്‍സന്‍ മാടവന അധ്യക്ഷത വഹിച്ചു. മണി തൊട്ടിപറമ്പി, തങ്കച്ചന്‍ ആലപ്പാടന്‍, പൗളിന്‍ കൊറ്റമം, എം.പി. രാജു, സെബാസ്റ്റ്യന്‍ ഇലവുംകുടി, ഡെന്നീസ് കന്നപ്പിള്ളി, വിഷ്ണു വള്ളിയാംകുളം, പൗലോസ് പനേലി, ഷാജി കിടങ്ങേന്‍ എന്നിവര്‍ പ്രസംഗിച്ചു.

Related posts