നാദാപുരം: വേനലവധി കഴിഞ്ഞ് സ്കൂളുകള്‍ തുറന്നതോടെ ശുദ്ധജലത്തിനായ് അധ്യാപകര്‍ നെട്ടോട്ടം ഓടുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ ലഭിച്ചെങ്കിലും കോഴിക്കോട് ജില്ലയിലെ നാദാപുരം ഉള്‍പ്പെടെയുളള മലയോര മേഖലകളില്‍ പേരിനുമാത്രമേ മഴ ലഭിച്ചിട്ടുള്ളു. ചുട്ടുപൊള്ളുന്ന വേനലിന് ശമനമായെങ്കിലും കുടിവെള്ളം ഈ മേഖലയില്‍ കിട്ടാക്കനി തന്നെയാണ്. നാദാപുരം ഉപജില്ലയില്‍ എല്‍പി, യുപി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലായി 100 ഓളം സ്കൂളുകളാണുള്ളത്. ഈ സ്കൂളുകളില്‍ ഒന്നുംതന്നെ വെള്ളമില്ലാത്ത അവസ്ഥ നിലനില്‍ക്കുകയാണ്.
ഗ്രാമപഞ്ചായത്തുകളും വ്യക്തികളും സന്നദ്ധ സംഘടനകളുമാണ് ഈ മേഖലകളില്‍ ടാങ്കര്‍ ലോറികളിലാക്കി ശുദ്ധജല വിതരണം നടത്തുന്നത്. ഈ വിതരണവും പേരിന് മാത്രമായിട്ടുണ്ട്. നാദാപുരം ടൗണ്‍ പരിസരത്തെ സ്കൂളുകളില്‍പോലും കിണറുകള്‍ വറ്റിവരണ്ടിട്ട് മാസങ്ങളായി. കുടിക്കാന്‍ പോലും മിക്ക വീടുകളിലും ഒരു തുള്ളി വെള്ളമില്ലാത്ത അവസ്ഥയാണ് ഇപ്പോഴും തുടരുന്നത്. മാത്രവുമല്ല, സ്കൂളുകളില്‍ ഉച്ചഭക്ഷണ നിര്‍മാണത്തിനും മറ്റുമായും ലിറ്റര്‍ കണക്കിന് വെള്ളമാണ് ആവശ്യമായി വരുന്നത്. ആയിരത്തോളം കുട്ടികള്‍ പഠിക്കുന്ന സ്കൂളില്‍ പ്രതിദിനം ചുരുങ്ങിയത് 5,000 ലിറ്റര്‍ വെള്ളമെങ്കിലും പ്രാഥമികാവശ്യങ്ങള്‍ക്കും ഭക്ഷണം പാചകംചെയ്യുന്നതിനും മറ്റുമായി വേണമെന്നിരിക്കെ സ്കൂളിന്റെ സമീപപ്രദേശങ്ങളില്‍ പോലും വെള്ളം ലഭ്യമല്ലാത്ത അവസ്ഥയിലാണ്.
രൂക്ഷമായ കുടിവെള്ളപ്രശ്നം നേരിടുന്ന മേഖലകളായ വളയം, വാണിമേല്‍ പരപ്പുപാറ, കല്ലുനിര, നിരവുമ്മല്‍, വളയം ഹയര്‍സെക്കന്‍ഡറി, പൂവ്വംവയല്‍, വെളളിയോട്, ഭൂമിവാതുക്കല്‍, വിലങ്ങാട് സെന്റ് ജോര്‍ജ് ഹൈസ്കൂള്‍, ചെക്യാട്, അരൂര്‍ എന്നിവിടങ്ങളിലും കുടിവെള്ളക്ഷാമം രൂക്ഷമാണ്. അയല്‍ പ്രദേശങ്ങളിലെ വീടുകളില്‍നിന്നും മറ്റും തലച്ചുമടായും ടാങ്കറുകളിലും കുടിവെള്ളമെത്തിക്കാന്‍ അധ്യാപകരുംപിടിഎയും പെടാപ്പാട് പെടുകയാണ്. സ്കൂളുകളില്‍ വെള്ളമില്ലെന്ന് പഞ്ചായത്തിലും എഇഒ ഓഫീസിലും പ്രധാനാധ്യാപകര്‍ വിവരമറിയിച്ചിട്ടുണ്ട്. ഏഴ് പഞ്ചായത്തുകളിലായി 30,000 കുട്ടികളാണ് പഠിക്കുന്നത്. നിലവിലെ സ്ഥിതിയില്‍ കനത്ത മഴപെയ്താല്‍ മാത്രമേ സ്കൂളുകളില്‍ ആവശ്യത്തിന് വെള്ളം ലഭിക്കുകയുള്ളൂ.