സൗഹൃദവീഥിയില്‍ അശാസ്ത്രീയമായി നഗരസഭയുടെ ബസ് ഷെല്‍ട്ടര്‍

KNR-BUSSTOPആന്തൂര്‍: സംസ്ഥാനത്തെ ആദ്യ സൗഹൃദവീഥിയില്‍ കാല്‍നടക്കാരന്റെ കാലൊടിക്കാന്‍ നഗരസഭയുടെ വക ബസ് ഷെല്‍ട്ടര്‍ ഉയരുന്നു. നൂറുകണക്കിന് യാത്രക്കാര്‍ രാവുംപകലും നടന്നുപോകുന്ന നടപ്പാത തടസപ്പെടുന്ന വിധത്തില്‍ പുതിയ ബസ് വെയിറ്റിംഗ് ഷെല്‍ട്ടര്‍ സ്ഥാപിക്കാനൊരുങ്ങുകയാണ് ആന്തൂര്‍ നഗരസഭ. ധര്‍മശാലയില്‍ നിലവിലുള്ള ബസ് സ്റ്റോപ്പ് അല്പം മുന്നോട്ട് മാറ്റുന്നതിന്റെ ഭാഗമായിട്ടാണേ്രത പുതിയ ഷെല്‍ട്ടര്‍ പണിയുന്നത്.

ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മിച്ച നടപ്പാത തടസപ്പെടുത്തുന്ന വിധത്തിലാണ് ഷെല്‍ട്ടര്‍ നിര്‍മാണം പുരോഗമിക്കുന്നത്. ഷെല്‍ട്ടറിന്റെ തൂണില്‍തട്ടി രാത്രിയില്‍ നടപ്പാതയിലൂടെ സഞ്ചരിക്കുന്നവര്‍ക്ക് പരിക്കേല്‍ക്കാന്‍ തുടങ്ങിയതോടെ നാട്ടുകാര്‍ എതിര്‍പ്പുമായി രംഗത്തെത്തിയിരിക്കയാണ്. കാല്‍നട സൗഹൃദരീതിയില്‍ ഷെല്‍ട്ടര്‍ നിര്‍മിക്കാമെന്നിരിക്കെ ഭാവനാശൂന്യമായ ഡിസൈനിംഗിന്റെ ഫലമാണ് ഇന്നത്തെ പ്രശ്‌നങ്ങളെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു.

ഇത് സംബന്ധിച്ച് വേണ്ടത്ര പഠനമോ അന്വേഷണമോ നടത്താതെയാണ് അശാസ്ത്രീയമായി പണി ആരംഭിച്ചതെന്നാണ് വിമര്‍ശനം. സംസ്ഥാനത്ത് തന്നെ ആദ്യം എന്ന് കൊട്ടിഘോഷിച്ച് ധര്‍മശാലമുതല്‍ പറശിനിക്കടവ് വരെ കാല്‍നടയായി ആളുകള്‍ക്ക് സഞ്ചരിക്കാമെന്ന വാഗ്ദാനവുമായി ഒരുക്കിയ നടപ്പാതയാണ് കാലുകള്‍ക്ക് കാലനായി മാറുന്നത്. കണ്ണൂര്‍ നഗരസഭ സ്ഥാപിച്ച ഷെല്‍ട്ടറുകള്‍ മാതൃകയായി സ്വീകരിച്ച് സൗഹൃദവീഥിയിലെ ഈ കല്ലുകടി ഒഴിവാക്കണമെന്ന ആവശ്യം ശക്തമായിരിക്കയാണ്.

Related posts