ഹജ്ജ് തീര്‍ഥാടകര്‍ ഇക്കുറി ഇരട്ടി: മന്ത്രി ജലീല്‍

EKM-HAGആലുവ: ഹജ്ജ് തീര്‍ഥാടകരുടെ എണ്ണത്തില്‍ ഇത്തവണ ഇരട്ടിയോളം വര്‍ധനയുണെ്ടന്നും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുമെന്നും മന്ത്രി കെ.ടി. ജലീല്‍. ആലുവയില്‍ സംസ്ഥാന ഹജ്ജ് അവലോകന യോഗത്തിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ വര്‍ഷം ഹജ്ജ് കമ്മിറ്റി മുഖേന 6224 തീര്‍ഥാടകരാണ് ഹജ്ജിന് പോയതെങ്കില്‍ ഇക്കുറി 10,100 പേര്‍ക്കാണ് അനുമതി. 200 പേര്‍ക്കുകൂടി അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ. തുടര്‍ച്ചയായി അഞ്ചുവര്‍ഷം അപേക്ഷ നല്‍കിയ 8317 പേരാണ് ഇത്തവണ തീര്‍ഥാടക സംഘത്തിലുള്ളത്.

1626 പേര്‍ 70 വയസിന് മുകളിലുള്ളവരാണ്. ഓഗസ്റ്റ് 21ന് വൈകുന്നേരം നാലോടെ നെടുമ്പാശേരി വിമാനത്താവളത്തില്‍ തീര്‍ഥാടന സംഘമെത്തും. 4.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. 22ന് ആദ്യ ഹജ്ജ് വിമാനം പുറപ്പെടും. മന്ത്രി കെ.ടി. ജലീല്‍ ഫഌഗ് ഓഫ് ചെയ്യും. കരിപ്പൂര്‍ വിമാനത്താവളത്തേതിനു സമാനമായ ഒരുക്കങ്ങള്‍ കഴിഞ്ഞ വര്‍ഷം നെടുമ്പാശേരിയിലും ഏര്‍പ്പെടുത്തിയിരുന്നു. സൗകര്യങ്ങള്‍ ഒരുക്കിയതിന് ഒരു കോടി രൂപയാണ് സിയാലിന് സര്‍ക്കാര്‍ നല്‍കിയത്. ഫണ്ട്  ഇക്കുറിയും  അനുവദിക്കാമെന്ന് മുഖ്യമന്ത്രി ഹജ്ജ് കമ്മിറ്റിയെ അറിയിച്ചിട്ടുണ്ട്.

തീര്‍ഥാടകരുടെ സൗകര്യാര്‍ഥം നെടുമ്പാശേരിയിലേക്ക് മലബാറില്‍ നിന്നും കെഎസ്ആര്‍ടിസി ബസുകള്‍ക്ക് പുറമെ ഇക്കുറി പൊന്നാനിയില്‍ നിന്ന് ലോഫ്‌ളോര്‍ ബസുും ഉണ്ടാകും. വിമാനത്താവളവും പരിസരവും മാലിന്യ വിമുക്തമാക്കാനും ശ്രദ്ധയുണ്ടാകും. വിമാനത്തില്‍ ലഗേജുകള്‍ മാറാതിരിക്കാന്‍ ഹജ്ജ് കമ്മിറ്റിയുടെ സ്റ്റിക്കറുണ്ടാകും. സംസം വെള്ളം എത്തിക്കുന്നതിനും പ്രത്യേക സംവിധാനമുണ്ട്. വിമാനത്താവളത്തിലെ എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് ഹാങ്കറില്‍ താല്‍ക്കാലിക ഹജ്ജ് ക്യാമ്പിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്. 60000 ചതുരശ്ര അടി വീതമുള്ള രണ്ട് എയര്‍ക്രാഫ്റ്റ് ഹാങ്കറുകള്‍ക്കു പുറമേ 15000 ചതുരശ്ര അടിയില്‍ താല്‍ക്കാലിക സംവിധാനവും കഴിഞ്ഞ തവണ ഒരുക്കിയിരുന്നു.

ഇത്തവണ കൂടുതല്‍ സൗകര്യങ്ങളുണ്ട്. ഒരു ഹാങ്കറില്‍ ഒരേ സമയം 1600 പേര്‍ക്ക് നിസ്കരിക്കാനുള്ള സൗകര്യമുണ്ട്. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ബാപ്പു മുസലിയാര്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. എംഎല്‍എമാരായ അന്‍വര്‍ സാദത്ത്, വി.കെ. ഇബ്രാഹിംകുഞ്ഞ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.എ. അബ്ദുള്‍ മുത്തലിബ്, മുന്‍ എംഎല്‍എ എ.എം. യൂസഫ്, സിയാല്‍ എക്‌സി. ഡയറക്ടര്‍ എ.എം. ഷബീര്‍, ബാബു സേഠ്, ഇല്ലിക്കല്‍ ഷംസു എന്നിവര്‍ സംസാരിച്ചു.

Related posts