താഴത്തങ്ങാടി മുസ്‌ലിം പള്ളി തുറന്നുകാണാന്‍ വിശ്വാസികളായ സ്ത്രീകള്‍ക്ക് അവസരം

ktm-muslimകോട്ടയം: താഴത്തങ്ങാടി മുസ്‌ലിം പള്ളി തുറന്നുകാണാന്‍ വിശ്വാസികളായ സ്ത്രീകള്‍ക്ക് അവസരമൊരുക്കുന്നു. 24, മേയ് എട്ട് എന്നീ തീയതികളിലാണു പള്ളി സന്ദര്‍ശിക്കാന്‍ അവസരമൊരുക്കുന്നത.് രാവിലെ എട്ടു മുതല്‍ 12 വരെയും പകല്‍ ഒന്നു മുതല്‍ 3.30 വരെയും 4.30 മുതല്‍ ആറുവരെയും ആരാധനാ കര്‍മങ്ങള്‍ക്ക് തടസമുണ്ടാകാത്ത നിലയിലാണ് സന്ദര്‍ശനസമയം ക്രമീകരിച്ചിരിക്കുന്നത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ളതും കൊത്തുപണികളാല്‍ സമൃദ്ധവുമായ പള്ളി ക്ഷേത്രശില്‍പകലാമാതൃകയിലാണ് നിര്‍മിച്ചിട്ടുള്ളത്.

പള്ളി സന്ദര്‍ശിക്കാന്‍ നിരവധി വിദേശ-സ്വദേശ ടൂറിസ്റ്റുകളും ഗവേഷകരുമൊക്കെ എത്താറുണെ്ടങ്കിലും സ്ത്രീകള്‍ക്ക് പള്ളിയുടെ അകത്തളങ്ങള്‍ കാണാന്‍ അവസരം ലഭ്യമായിരുന്നില്ല. ഈ സാഹചര്യത്തിലാണു പള്ളി സന്ദര്‍ശിക്കാന്‍ സ്ത്രീകള്‍ക്ക് അവസരമൊരുക്കണമെന്ന് ആവശ്യമുയര്‍ന്നത്. നാട്ടുകാരുടെയും മറ്റും നിരന്തര അഭ്യര്‍ഥനമാനിച്ചാണു താല്‍പര്യമുള്ളവര്‍ക്ക് പള്ളി കാണാന്‍ താഴത്തങ്ങാടി ജുമുഅ മസ്ജിദ് കമ്മിറ്റി ഭാരവാഹികള്‍ അവസരമൊരുക്കുന്നത്.

എട്ടാം നൂറ്റാണ്ടില്‍ കേരളത്തില്‍ മതപ്രചാരണത്തിനായി അറേബ്യയില്‍നിന്നും എത്തിയ മാലിക് ബിന് കേരളക്കരയില്‍ പത്തു പള്ളികളും തമിഴ്‌നാട്ടില്‍ ഒരു പള്ളിയും സ്ഥാപിച്ചു. ആദ്യത്തെ പള്ളി കൊടുങ്ങല്ലൂരെ ചേരമാന്‍ പള്ളിയാണ്. കൊടുങ്ങല്ലൂര്‍ മുതല്‍ കൊല്ലം വരെ പള്ളികള്‍ സ്ഥാപിച്ച് കൂടെ വന്ന സഹാബാക്കളെ ആരാധനാകര്‍മങ്ങള്‍ നടത്തുന്നതിനായി ചുമതലപ്പെടുത്തി.

ആ ശ്രേണിയില്‍പ്പെട്ട പള്ളിയാണു താഴത്തങ്ങാടി ജുമാ മസ്ജിദ് എന്നാണു ചരിത്രം. അതിശയിപ്പിക്കുന്ന വാസ്തുവിദ്യാമാതൃകയാണ് ഈ ആരാധനാലയം. കേരളത്തിലെ പുരാതന മുസ്‌ലിം പള്ളികളില്‍ രൂപഭംഗിയില്‍ മികച്ച പള്ളിയെന്നും താഴത്തങ്ങാടി പള്ളിക്ക് ഖ്യാതിയുണ്ട്. അറബിശൈലിയിലുള്ള കൊത്തുപണികളും, തേക്കുതടികളില്‍ ചെയ്ത തൂണുകളും കമാനങ്ങളും മേല്‍ക്കൂടും തട്ടിന്‍പുറവുമെല്ലാം കൗതുകക്കാഴ്ചകളാണ്.

നിഴല്‍ ഘടികാരം, ഒറ്റക്കല്ലില്‍ തീര്‍ത്ത ഹൗള്(അംഗശുദ്ധിക്ക് വെള്ളം ശേഖരിക്കുന്ന നിര്‍മാണം), തടിയില്‍ തീര്‍ത്ത ഖുര്‍ആന്‍ വാക്യങ്ങള്‍, മനോഹരമായ മാളികപ്പുറം, കൊത്തുപണികളാല്‍ സമൃദ്ധമായ മുഖപ്പുകള്‍ എന്നിവ പള്ളിയുടെ പ്രത്യേകതകളാണ്. താഴത്തങ്ങാടിയുടെ പ്രകൃതിമനോഹര ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തി പ്രദര്‍ശനവും സംഘടിപ്പിച്ചിട്ടുണ്ട്.

Related posts