നാദാപുരം: കേരളത്തില്‍ അധികാരത്തിനായി എല്‍ഡിഎഫും യുഡിഎഫും സൗഹൃദ മല്‍സരം നടത്തുകയാണെന്നും പരസ്പരം ആരോപണങ്ങളുടെ പുകമറ സൃഷ്ടിച്ച് ജനങ്ങളെ കബളിപ്പിക്കുകയാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രി ജയപ്രകാശ് നദ്ദ. കല്ലാച്ചിയില്‍ എന്‍ഡിഎ സ്വാഭിമാന്‍ റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
40 കൊല്ലം മാറിമാറി ഭരിച്ചിട്ടും പരസ്പരം ആരോപണമുന്നയിക്കുന്നതല്ലാതെ ഇരു പാര്‍ട്ടിയിലുംപെട്ട ഏതെങ്കിലും ഒരാള്‍ ആരുടെയെങ്കിലും ഭരണത്തില്‍ അഴിമതിക്കേസില്‍പ്പെട്ടോയെന്നും ഒരാള്‍പോലും ജയിലില്‍ കിടന്നതുകണ്ടോയെന്നും മന്ത്രി ചോദിച്ചു. ബംഗാളില്‍ കോണ്‍ഗ്രസും സിപിഎമ്മും കെട്ടിപ്പിടിച്ച് മത്സരിക്കുകയും കേരളത്തിലെത്തിയാല്‍ വാക്്‌പോര് നടത്തുകയുമാണ്.
ആദര്‍ശം നഷ്ടപ്പെട്ട സിപിഎം മാനസികനില തെറ്റിയവരെപ്പോലെ അക്രമത്തിന് കോപ്പുകൂട്ടുകയാണ്. ഇവര്‍ ഓരോരുത്തരും അധികാരത്തിലെത്തിയാല്‍ പരസ്പരം നടത്തിയ അഴിമതികള്‍ മൂടിവയ്ക്കുകയാണെന്നും നദ്ദ പറഞ്ഞു. കേരളത്തിലെ ജനത പുരോഗമിച്ചത് കേരള നേതാക്കളെ കൊണ്ടല്ല മറിച്ച് ജനങ്ങളുടെ സ്വന്തം കഴിവ് കൊണ്ടാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. രാജേഷ് പെരുമുണ്ടശ്ശേരി, ബാബു പൂതംപാറ, ടി.പി. ജയചന്ദ്രന്‍, ടി.കെ.പ്രഭാകരന്‍, സ്ഥാനാര്‍ഥി എം.പി.രാജന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.