കുമരകം: നിരോധനാജ്ഞയിലും പ്രകടനം നടത്തുന്നതായി വ്യാജ ഫോണ്‍സന്ദേശം ലഭിച്ചതിനെത്തുടര്‍ന്ന് ആശാരിമറ്റം കോളനിയിലെത്തി പോലീസ് റെയ്ഡ് നടത്തി. ഇന്നലെ രാത്രി പത്തിനുശേഷമാണ് വ്യാജ ഫോണ്‍ സന്ദേശം ലഭിച്ചത്. ഇതിനു പിന്നില്‍ നിഗൂഢതകളുണ്ടെന്നാണ് പോലീസിന്റെ വിലയിരുത്തല്‍.
ഇന്നലെ ആഹ്ലാദപ്രകടനത്തിനിടെ കുമരകം എസ്ഐ ആര്.രാജീവിനെ ഫോണില്‍ വിളിച്ചു വധഭീഷണി മുഴക്കിയ പശ്ചാത്തലത്തിലാണ് വ്യാജ ഫോണ്സന്ദേശത്തിലും ദുരുദ്ദേശ്യമുണ്ടെന്ന് സംശയിക്കുന്നത്. സിപിഎം പ്രവര്‍ത്തകനാണ് താന്‍ എന്ന മുഖവുരയോടെ ഫോണില്‍ വിളിച്ച് അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയും ചെയ്ത മൊബൈല്‍ നമ്പര്‍ സൈബര്‍ സെല്ലിനു കൈമാറിയിട്ടുണ്ടെന്ന് എസ്ഐ അറിയിച്ചു. ഫോണിലൂടെയുള്ള ഭീഷണി റെക്കോഡ് ചെയ്തിട്ടുണ്ടെന്നും ഭീഷണിക്കെതിരേ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഇന്നലെ തിരുവാര്‍പ്പ് പഞ്ചായത്തില്‍പ്പെട്ട മലരിക്കല്‍ ഭാഗത്താണ് സംഘര്‍ഷത്തിനു തുടക്കംകുറിച്ചത്. ബിഡിജെഎസ് ചിഹ്നമായ കുടം പൊട്ടിച്ചതാണ് പ്രശ്നങ്ങള്‍ക്കു കാരണം. ഇവിടെയുണ്ടായ സംഘട്ടനത്തില്‍ വെട്ടേറ്റ പ്രവീണ്‍ (30), സരുണ്‍ (24), നിസാം (32) എന്നീ സിപിഎം പ്രവര്‍ത്തകര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. പരിക്കേറ്റ സുധി (25), അനൂപ് (30) എന്നിവരും ചികിത്സയിലാണ്.
കുമരകത്ത് ആശാരിശേരി ഭാഗത്ത് വീട്ടില്‍ക്കയറി നടത്തിയ ആക്രമണത്തില്‍ വെട്ടേറ്റ ബിജെപി പ്രവര്‍ത്തകരായ ഉദയന്‍ (38), റാവുജി, രാജു, വിജയന് എന്നിവരും മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. കുമരകം ചക്രംപടിക്കു സമീപം ആശാരിമറ്റം കോളനിയില്‍ നടന്ന അക്രമത്തില്‍ ബിജെപി പ്രവര്‍ത്തകാരായ മധു, മകന് മഹേഷ് എന്നിവര്‍ക്കും പരിക്കേറ്റു. ഇവരെ ജില്ലാ ആശുപത്രിയല്‍ പ്രവേശിപ്പിച്ചു.