ഗാന്ധിനഗര്‍: മെഡിക്കല്‍ കോളജ് അത്യാഹിതവിഭാഗത്തില്‍ ഇന്നലെ രാത്രി തുടര്‍ച്ചയായി വൈദ്യുതി മുടക്കം നേരിട്ടത് ജീവനക്കാരെ ബുദ്ധിമുട്ടിലാക്കി. വൈദ്യുതി ബന്ധം നിലച്ചതോടെ അത്യാഹിത വിഭാഗത്തിന്റെ പ്രവര്‍ത്തനം അവതാളത്തിലായി. പാമ്പു കടിയേറ്റും വാഹനാപകടത്തില്പ്പെട്ടും നെഞ്ചുവേദന ബാധിച്ചും നിരവധി രോഗികള്‍ അത്യാഹിതവിഭാഗത്തില്‍ ചികിത്സയില്‍ കഴിയുമ്പോഴാണ് വൈദ്യുതി മുടക്കം നേരിട്ടത്. രോഗികള്‍
ക്ക ്കുത്തിവെയ്പ്പെടുക്കുമ്പോഴും മുറിവുകള്‍ തുന്നിച്ചേര്ക്കുന്നതിനിടയിലും വൈദ്യുതി ബന്ധം തകരാറിലായത് ഡോക്ടര്‍മാരെയും നഴ്സുമാരെയും കുഴക്കി. പിന്നീട് മൊബൈല്‍ ഫോണ്‍ വെളിച്ചത്തിലാണ് കുത്തിവെയ്പ്പും മറ്റും നടന്നത്. ആംബുലന്‍സില്‍ കൊണ്ടുവന്ന രോഗികളെ സ്ട്രെക്ച്ചറില്‍ കിടത്തി അത്യാഹിതവിഭാഗത്തില്‍ പ്രവേശിപ്പിക്കാനായി അറ്റന്‍ഡര്‍മാരും ബുദ്ധിമുട്ടി. പരിശോധനമുറികള്‍, നിരീക്ഷണമുറി, മിനി തിയറ്റര്‍, ഇസിജി തുടങ്ങിയ വിഭാഗങ്ങള്‍ അത്യാഹിതവിഭാഗത്തിനുള്ളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
അന്വേഷണ കൗണ്ടറും പോലീസ് എയ്ഡ്പോസ്റ്റും അത്യാഹിതവിഭാഗത്തിലേക്ക് ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്. ഇവിടത്തെ ജീവനക്കാരെയും വൈദ്യുതി ബന്ധം തകരാറിലായത് ഏറെ ബുദ്ധിമുട്ടിച്ചു. അത്യാഹിതവിഭാഗത്തില്‍ തുടര്‍ച്ചയായി വൈദ്യുതി മുടക്കം നേരിടുന്നത് പതിവാണെന്ന് ജീവനക്കാര്‍ പറഞ്ഞു.