തളിപ്പറമ്പ്: ക്ഷേത്ര ധ്വജസ്തംഭങ്ങളുടെ നിര്‍മാണത്തില്‍ മികവുതെളിയിച്ച തളിപ്പറമ്പിലെ പുതിയാറമ്പത്ത് രാജന് നിര്‍മിച്ച ഏറ്റവും വലിയ ധ്വജസ്തംഭം ഒന്‍പതിന് തൃക്കരിപ്പൂര്‍ ചക്രപാണി ക്ഷേത്രനവീകരണ കലശത്തോടനുബന്ധിച്ച് സമര്‍പ്പിക്കും. തളിപ്പറമ്പിലെ ചെമ്പുകൊട്ടി വിഭാഗത്തിലെ ശില്പികളില് പ്രധാന സ്ഥാനം വഹിക്കുന്ന രാജന് ഇതിനകം കേരളത്തിലെ നാനൂറോളം ക്ഷേത്രങ്ങളില്‍ ധ്വജസ്തംഭങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്. ഇതേവരെ നിര്‍മിച്ചതില്‍ വച്ച് ഏറ്റവും മനോഹരമായതും വലുപ്പം കൂടിയതുമാണ് ചക്രപാണി ക്ഷേത്രത്തില്‍ സമര്‍പ്പിക്കുന്നത്. ഒന്നേമുക്കാല്‍ കോല് വലുപ്പമുള്ള ഈ ധ്വജസ്തംഭം 13 ദിവസം കൊണ്ടാണ് പണിതീര്‍ത്തത്.
സാമൂതിരി കോവിലകത്തിന് കീഴിലുള്ള നിറംകൈക്കോട്ടയില് പിതാവ് അക്കിപ്പറമ്പത്ത് വേലായുധനില്‍ നിന്നാണ് പ—ാരമ്പര്യ തൊഴിലില്‍ ഹരിശ്രീ കുറിച്ചത്. കര്‍ണാടകയിലെ ഷിമോഗ ബെലേബരിയയില് ചണ്ഡികാംബാക്ഷേത്ര ശ്രീകോവിലിന് ചെമ്പടിച്ചതിന് ക്ഷേത്രഭരണസമിതി രാജനെ പട്ടും വളയും നല്കി പണിക്കര്‍ സ്ഥാനം കൊടുത്ത് ആദരിച്ചിട്ടുണ്ട്.
അഴിഞ്ഞിലം മഹാവിഷ്ണുക്ഷേത്രം, കോഴിക്കോട് മഹാഗണപതിക്ഷേത്രം, നെരുവമ്പ്രം മുച്ചിലോട്ട് കാവ്, വെങ്ങര മുച്ചിലോട്ട് കാവ്, മാമാനിക്കുന്ന് ദേവീക്ഷേത്രം, തിരുവണ്ണൂര്‍ ശ്രീകൃഷ്ണക്ഷേത്രം, വടകര തോടന്നൂര്‍ ക്ഷേത്രം, ഫറൂഖ് നെല്ലൂര്‍ ശിവക്ഷേത്രം, കുടകിലെ ബിഷിട്ടി ശിവക്ഷേത്രം, ചുഴലി ഭഗവതിക്ഷേത്രം, തിരൂര്‍ അയ്യപ്പഭജനമഠം, വടകര കോട്ടക്കുളങ്ങര ശിവക്ഷേത്രം എന്നിവിടങ്ങളില്‍ രാജന്റെ കരവിരുത് പ്രകടമാണ്.