വ്യാജ മണല്‍ പാസ്; പ്രതികളെ കോടതിയില്‍ ഹാജരാക്കും

knr-arrestmanalചെറുപുഴ: വ്യാജ മണല്‍ പാസ് നിര്‍മിച്ചു നല്‍കിയതിനു പിടിയിലായ മൂന്നംഗ സംഘത്തെ ഇന്നു പയ്യന്നൂര്‍ കോടതിയില്‍ ഹാജരാക്കും. പ്രാപ്പൊയില്‍ സ്വദേശിയും ലോറി ഡ്രൈവറുമായ റംഷാദ് (30), പാടിയോട്ടുചാല്‍ വങ്ങാട് സ്വദേശി മുഹമ്മദ് സമീല്‍ (19), വയക്കര സ്വദേശി തയ്യില്‍ നിഷാദ് (26) എന്നിവരാണ് അറസ്റ്റിലായത്. രഹസ്യവിവരത്തെത്തുടര്‍ന്നു പാടിയോട്ടുചാല്‍ ഏച്ചിലാംപാറയില്‍നിന്നു ചെറുപുഴ എസ്‌ഐ കെ.വി. സ്മിതേഷും സംഘവുമാണ് ഇവരെ പിടികൂടിയത്. ഒറിജിനല്‍ പാസിനെ വെല്ലുന്ന തരത്തില്‍ കംപ്യൂട്ടറിലാണ് ഇവര്‍ വ്യാജപാസ് നിര്‍മിച്ചു നല്കിയിരുന്നത്.

പത്തോളം പാസ് മാത്രമാണ് ഉപോഗിച്ചതെന്നാണു പ്രതികള്‍ പറയുന്നത്. തയാറാക്കി വച്ചിരുന്ന ഏതാനും പാസുകള്‍ പിടിച്ചെടുത്തിട്ടുമുണ്ട്. കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നു പോലീസ് പറഞ്ഞു. ഡ്രൈവര്‍ റംഷാദിനു വേണ്ടി മുഹമ്മദ് സമീലാണ് വ്യാജപാസ് തയാറാക്കിയിരുന്നതത്രെ. കാലാവധി കഴിഞ്ഞ പഴയ പാസിലെ ഹോളോഗ്രാം വ്യാജനില്‍ ഒട്ടിച്ചാണ് ഒറിജിനല്‍ പാസിനെ വെല്ലുന്ന തരത്തില്‍ വ്യാജപാസ് തയാറാക്കുന്നത്. മുഹമ്മദ് സമീലിന്റെ വീട്ടില്‍നിന്നു വ്യാജ പാസ് നിര്‍മിക്കാന്‍ ഉപയോഗിച്ചിരുന്ന ലാപ്‌ടോപ്പ്, പ്രിന്റര്‍, സീലുകള്‍, പേപ്പറുകള്‍ എന്നിവ പോലീസ് കസ്റ്റഡിയിലെടുത്തു.

തുരുത്തി മണല്‍ വാരല്‍ തൊഴിലാളി ക്ഷേമ സഹകരണ സംഘം മടക്കരക്കടവിന്റെ പേരിലാണ് ഇവര്‍ വ്യാജ പാസുകള്‍ തയാറാക്കിയിരുന്നത്. ഒരു പാസ് തയാറാക്കി നല്‍കുമ്പോള്‍ റംഷാദ് 500 രൂപ മുഹമ്മദ് സമീലിനു നല്‍കിയിരുന്നെന്നും ഫോട്ടോഷോപ്പില്‍ വിദഗ്ധനായ നിഷാദാണു സിഡിയില്‍ വ്യാജപാസ് ബാര്‍കോഡ് സഹിതം തയാറാക്കിയിരുന്നതെന്നും പോലീസ് പറഞ്ഞു.

Related posts