കടയ്ക്കല്‍: പൂവാലശല്യവും ലഹരിപദാര്‍ഥങ്ങളുടെ വില്പനയും ഉപഭോഗവും തടയുന്നതിനുമായി കടയ്ക്കല്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ സ്കൂളുകള്‍ കേന്ദ്രീകരിച്ച് പിങ്ക് ബീറ്റ് പദ്ധതി ആരംഭിച്ചു.റൂറല്‍ എസ്പിയുടെ നിര്‍ദേശപ്രകാരം കഴിഞ്ഞ ദിവസം മുതലാണ് പിങ്ക് ബീറ്റ് ആരംഭിച്ചത്. ആദ്യദിനത്തില്‍തന്നെ പത്തോളം പൂവാല•ാര്‍ മഫ്തി പോലീസിന്റെ വലയിലായിരുന്നു. തുടക്കദിവസമായതിനാല്‍ ഇവരെ പോലീസ് സ്‌റ്റേഷനിലെത്തിച്ച് താക്കീത് നല്‍കി വിട്ടയച്ചു.
സ്റ്റേഷന്‍ പരിധിയിലുള്ള വിവിധ സ്കൂളുകള്‍ക്കുമുന്നിലും ടൗണ്‍ കേന്ദ്രീകരിച്ചുമാണ് പിങ്ക് ബീറ്റ് പദ്ധതി ആരംഭിച്ചിട്ടുള്ളത്. ലഹരി വില്പനയ്ക്ക് തടയിടാനും പദ്ധതിയിലൂടെ പോലീസ് ലക്ഷ്യമിടുന്നുണ്ട്. വനിതാ പോലീസ് ഉള്‍പ്പെടെ ഇതിനായി പ്രത്യേക സ്‌ക്വോഡിനെ രൂപീകരിച്ചിട്ടുണ്ട്.
സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും മുന്നില്‍ രാവിലേയും വൈകുന്നേരവും ടൗണിലും പരിസരപ്രദേശങ്ങളിലും മറ്റുസമയങ്ങളിലുമാണ് മഫ്തിയില്‍ പോലീസ് നിരീക്ഷണം നടത്തുന്നത്. വരും ദിവസങ്ങളില്‍ മഫ്തി പോലീസിന്റെ വലയിലാകുന്നവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് നിയമനടപടികള്‍ സ്വീകരിക്കുമെന്നും കടയ്ക്കല്‍ എസ്‌ഐ റിന്‍സ് എം തോമസ് അറിയിച്ചു.