അഞ്ചല്‍: പെരിങ്ങള്ളൂര്‍ കോഴിപ്പാലത്തിനുസമീപം വാടകകെട്ടിടത്തിലെ റൂമിനുള്ളില്‍ വയോധികന് കൊല്ലപ്പെട്ട സംഭവത്തില്‍ ഒരാളെ ചടയമംഗലം പോലീസ് കസ്റ്റഡിയിലെടുത്തു. മലപ്പേരൂര്‍ സ്വദേശിയെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പത്തനാപുരം മുള്ളുമല സ്വദേശി രവീന്ദ്രന്‍പിള്ള(65)യാണ് കൊല്ലപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് ഇന്നലെ ഉച്ചയോടെ ഡോഗ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തിയശേഷം പോലീസ് നായ മണംപിടിച്ച് പിടിയിലായയാളുടെ വീട്ടിലെത്തിയിരുന്നു. ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെയാണ് ഇയാള്‍ വീട്ടിലെത്തിയതെന്ന് ഭാര്യയും പോലീസിന് മൊഴിനല്‍കിയിട്ടുണ്ട്. ഇയാളും രവീന്ദ്രന്‍പിള്ളയും പലപ്പോഴും ഒരുമിച്ച് മദ്യപിക്കാറുണ്ടായിരുന്നെന്നുള്ള നാട്ടുകാരുടെ മൊഴിയും ഇയാളെ കസ്റ്റഡിയിലെടുക്കാനുള്ള കാരണമായി.
ഇന്നലെ രാവിലെ എട്ടോടെയാണ് മരണവിവരം നാട്ടുകാര്‍ അറിഞ്ഞത്. ബുധനാഴ്ച രാത്രി ഒന്‍പതോടെ കോഴിപ്പാലത്തിനുസമീപം വച്ച് തന്നെ ഒരാള്‍ ആക്രമിച്ചെന്ന പരാതിയുമായി പിടിയിലായയാള്‍ ഇന്നലെ രാവിലെ ഏഴരയോടെ ചടയമംഗലം പോലീസ് സ്റ്റേഷനിലെത്തിയിരുന്നു. ഇയാളില്‍ നിന്നും വിവരം ചോദിച്ച് മനസിലാക്കുന്നതിനിടെയാണ് കോഴിപ്പാലത്തിനുസമീപം ഒരാളെ വാടകകെട്ടിടത്തിലെ മുറിയ്ക്കുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയെന്ന ഫോണ്‍ സന്ദേശമെത്തിയത്. തുടര്‍ന്ന് ഇയാളെ സ്റ്റേഷനില്‍ നിര്‍ത്തിയശേഷം പോലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു.
വാഴക്കുല വ്യാപാരം നടത്തുന്ന ഇയാള്‍ ബുധനാഴ്ച രാത്രി കടയടച്ച് തിരികെ വീട്ടിലേക്ക് വരുന്നതിനിടെയാണ് ആക്രമണമുണ്ടായതെന്നാണ് പോലീസിനോട് പറഞ്ഞത്. അക്രമണത്തില്‍ ഇയാള്‍ക്ക് പരിക്കേറ്റിരുന്നു. പരിക്കുമായാണ് ഇയാള്‍ ഇന്നലെ രാവിലെ ചടയമംഗലം പോലീസ് സ്റ്റേഷനില്‍ എത്തിയത്. 15 വര്‍ഷമായി പെരിങ്ങള്ളൂരിലും പരിസര പ്രദേശങ്ങളിലും ടാപ്പിംഗും കൂലിവേലയും ചെയ്തുവന്നിരുന്ന ആളാണ് കൊല്ലപ്പെട്ട രവീന്ദ്രന്‍പിള്ള. ഏതാനും മാസം മുമ്പാണ് ഇയാള്‍ കൊഴിപ്പാലത്തിന് എതിര്‍വശത്തുള്ള ചേഞ്ചേരി തെക്കേപുത്തന്‍വീട്ടില്‍ ജോണിന്റെ ഉടമസ്ഥതയിലുള്ള ഇരുനിലകെട്ടിടത്തിലെ രണ്ടാംനിലയിലെ സംഭവം നടന്ന റൂമില്‍ താമസം ആരംഭിച്ചത്.
കഴിഞ്ഞ മൂന്നുമാസമായി രവീന്ദ്രന്‍പിള്ള ആയൂര്‍ മാര്‍ക്കറ്റിനുള്ളില്‍ കച്ചവടം നടത്തുന്ന വര്‍ഗീസിന്റെ സഹായിയായി ജോലിചെയ്തുവരികയായിരുന്നു. ഇന്നലെ രാവിലെ രവീന്ദ്രന്‍പിള്ളയെ കൂട്ടിക്കൊണ്ടുപോകുന്നതിനായി എത്തിയ വര്‍ഗീസാണ് സംഭവം ആദ്യം കണ്ടത്. തുടര്‍ന്ന് ഇയാള്‍ വിവരം കെട്ടിട ഉടമയേയും ചടയമംഗലം പോലീസിലും അറിയിക്കുകയായിരുന്നു. തറയില്‍കിടന്ന മൃതദേഹത്തിനുചുറ്റും രക്തം തളംകെട്ടി നിന്നിരുന്നു. തലയില്‍ ആഴത്തിലുള്ള ഒരു മുറിവും മൂന്ന് ചെറിയ മുറിവുകളുമുണ്ട്. ഭാരമുള്ള വസ്തുഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തിയതാകാമെന്നാണ് പോലീസ് സംശയിക്കുന്നത്. പത്തനംതിട്ടയില്‍ നിന്നും ഫോറന്‍സിക് വിദഗ്ദ്ധര്‍ സംഭവസ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്.
മൃതദേഹം കിടന്ന കെട്ടിടത്തില്‍നിന്നും 100 മീറ്റര്‍ അകലെ രക്തം തളംകെട്ടിനില്ക്കുന്ന മറ്റൊരു സ്ഥലവും പോലീസ് കണ്ടെത്തി. ഇവിടെ മദ്യപാനം നടത്തിയതിന് തെളിവായി സമീപത്തുനിന്നും മദ്യകുപ്പിയും പ്ലാസ്റ്റിക് ഗ്ലാസുകളും പോലീസ് കണ്ടെടുത്തു. മദ്യപാനത്തിനിടെ ഇവിടെ അടിപിടിയുണ്ടായതായുള്ള സൂചനകളും പോലീസിന് ലഭിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട്പിടിയിലായയാള് ഇന്നലെ രാവിലെ മുതല്‍തന്നെ സംശയത്തിന്റെ നിഴലിലായിരുന്നു. ഇന്ന് രാവിലെയാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്.