കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ടൂറിസം കൗണ്ടറുകള്‍ നോക്കുകുത്തികളായി

bis-ciyalനെടുമ്പാശേരി: ദിവസേന വിദേശികളും സ്വദേശികളുമായ ആയിരക്കണക്കിന് വിനോദസഞ്ചാരികള്‍ വന്നുപോകുന്ന കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ടൂറിസം കൗണ്ടറുകള്‍ നോക്കുകുത്തികളായി. വിദേശ വിനോദ സഞ്ചാരികള്‍ വന്നുപോകുന്ന അന്താരാഷ്ട്ര ടെര്‍മിനലില്‍ പ്രവര്‍ത്തിച്ചിരുന്ന കൗണ്ടര്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി പൂട്ടി കിടക്കുകയാണ്. ആഭ്യന്തര ടെര്‍മിനലില്‍ പേരിനുമാത്രം ഒരു കൗണ്ടര്‍ പ്രവര്‍ത്തിക്കുന്നു. കൊച്ചി വിമാനത്താവളത്തില്‍ രണ്ടു ടെര്‍മിനലുകളിലായി പ്രവര്‍ത്തിച്ചിരുന്ന ടൂറിസം കൗണ്ടറുകളില്‍  ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ ആറ് ജീവനക്കാര്‍ ഉണ്ടായിരുന്നു.

ഇവരെ മുഴുവന്‍ ഒറ്റയടിക്ക് പിന്‍വലിച്ചു. ഇപ്പോള്‍ ആഭ്യന്തര ടെര്‍മിനലില്‍ രണ്ടുപേര്‍ മാത്രമാണുള്ളത്. ഇവര്‍ ഓരോരുത്തരായി ഷിഫ്റ്റില്‍ വന്നുപോകുന്നു. അന്താരാഷ്ട്ര ടെര്‍മിനലിലെ കൗണ്ടര്‍ പുതുക്കി പണിത് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കാന്‍ വേണ്ടിയാണ് പൂട്ടുന്നതെന്നാണ് പറഞ്ഞിരുന്നത്. ഇത് പൂട്ടിയതല്ലാതെ അതിനുശേഷം യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി.

കൊച്ചി വിമാനത്താവളം ആരംഭിച്ച കാലയളവില്‍ ഇവിടെ വിനോദസഞ്ചാരികള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ലഭിച്ചിരുന്നു. ഇവിടെ വന്നിറങ്ങുന്ന ടൂറിസ്റ്റുകള്‍ക്ക് കേരളത്തിലെ വിനോദസഞ്ചാരകേന്ദ്രങ്ങളെ സംബന്ധിച്ച് വിശദീകരണം നല്‍കാനും ബ്ലോഷറുകള്‍ വിതരണം ചെയ്യാനും ക്രമീകരണം ഉണ്ടായിരുന്നു. പുതിയ പാക്കേജുകളെ സംബന്ധിച്ച അവബോധവും നല്‍കി വന്നിരുന്നു.

ആഭ്യന്തര-അന്താരാഷ്ട്ര വിനോദസഞ്ചാരികളുടെ പേരും മേല്‍വിലാസവും രേഖപ്പെടുത്താന്‍ രജിസ്റ്റര്‍ ഉണ്ടായിരുന്നു. ഫലത്തില്‍ കൊച്ചി വിമാനത്താവളത്തില്‍ വന്നു പോകുന്ന എല്ലാ ടൂറിസ്റ്റുകളും ടൂറിസം കൗണ്ടറില്‍ വരാതെ പോകാറില്ല. വിനോദസഞ്ചാരികള്‍ക്കും ഇത് ഏറെ പ്രയോജനകരമായിരുന്നു. സംസ്ഥാനത്ത് ടൂറിസം പ്രമോട്ട് ചെയ്യാന്‍ ഈ ക്രമീകരണം നല്ലതായിരുന്നു. ഇപ്പോള്‍ ടൂറിസം വളര്‍ത്താന്‍ ഏറെ ബദ്ധപ്പെടുന്ന ഭരണാധികാരികള്‍ കൊച്ചി വിമാനത്താവളം വഴിയുള്ള വിനോദസഞ്ചാരം നിരുത്സാഹപ്പെടുത്തുന്ന സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്.

Related posts