പയ്യോളി: ദേശീയപാത 45 മീറ്ററില്‍ നാലുവരിപ്പാതയായി വികസിപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായുള്ള പരിശോധന തുടങ്ങി.സ്പെഷല്‍ ഡെപ്യൂട്ടി കളക്ടര്‍ (എല്‍ എ എന്‍ എച്ച് ) ഷാമിന് സെബാ സ്റ്റ്യന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് ഇന്നു രാവിലെ മൂരാട് പാലത്തിനു തെക്കുഭാഗത്തു സര്‍വേ പരിശോധന നടത്തിയത്. സ്ഥലമേറ്റെടുക്കുന്നതിന്റെ ഭാഗമായി മുമ്പ് സ്ഥാപിച്ച കല്ലുകള്‍ പരിശോധിക്കുന്ന നടപടികള്‍ക്കായാണ് ഉദ്യോഗസ്ഥരെത്തിയത്. ജനങ്ങളുടെ പ്രതിഷേധമുണ്ടായേക്കുമെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ വന്‍ പോലീസ് സുരക്ഷ ഒരുക്കിയിട്ടുണ്ട്.
ദേശീയപാത വികസനവുമായി ബന്ധപ്പെട്ട നടപടികള്‍ ത്വരിതപ്പെടുത്താന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി സുബ്രതോ ബിശ്വാസിന്റെ അദ്ധ്യക്ഷതയില്‍ കഴിഞ്ഞദിവസം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ദേശീയപാതാ വികസനത്തിന്റെ ഭാഗമായുള്ള സ്ഥലമേറ്റെടുപ്പ് ഉള്‍പ്പെടെയുള്ള നടപടികള്‍ രണ്ട് മാസത്തിനകം പൂര്‍ത്തീകരിച്ച് സ്ഥലമുടമകള്‍ക്ക് നഷ്ടപരിഹാരം നല്കി സ്ഥലം നാഷണല്‍ ഹൈവേ അഥോറിട്ടിക്ക് കൈമാറാനാണ് നിര്‍ദേശം.
അഴിയൂര്‍ മുതല്‍ വെങ്ങളം വരെ നാലുവരിപ്പാതയാക്കുന്നതിന്റെ ഭാഗമായാണ് ജില്ലയില്‍ സ്ഥലം ഏറ്റെടുക്കുക. മാഹി-തലശേരി ബൈപാസ്, നന്തി-ചെങ്ങോട്ട്കാവ്(കൊയിലാണ്ടി) ബൈപാസ്, വെങ്ങളം-രാമ നാട്ടുകര(കോഴിക്കോട്) ബൈപാസ് എന്നിവയും ഇതില്‍ ഉള്‍പ്പെടും. വെങ്ങളം- രാമനാട്ടുകര ബൈപാസിന് വേണ്ടിയുള്ള സ്ഥലം 45 മീറ്ററില്‍ നേരത്തേ ഏറ്റെടുത്തിരുന്നു.