മാഹി മേഖലയെ ലഹരിമുക്തമാക്കുവാന്‍ നടപടിയെടുക്കും: ഡോ. രാമചന്ദ്രന്‍

KNR-MLAമാഹി: മാഹി മേഖലയില്‍ വര്‍ധിച്ചുവരുന്ന മയക്കുമരുന്നുപോലെയുള്ള ലഹരി ഉല്പന്നങ്ങള്‍ വില്‍ക്കുന്നതു കണ്ടെത്തുകയും മാഹിയില്‍ നിന്ന് ഇതിന്റെ ഏജന്റുമാരെയും ശൃംഖലയേയും തുടച്ചുനീക്കുമെന്നും മാഹി എംഎല്‍എ ഡോ. വി. രാമചന്ദ്രന്‍. പന്തക്കല്‍ പൊതുജന വായനശാലയുടെയും ഡിവൈഎഫ്‌ഐ പന്തക്കല്‍ ഘടകത്തിന്റെയും സ്വീകരണവേളയില്‍ സംസാരിക്കുകകായിരുന്നു അദ്ദേഹം.

ചില സ്കൂള്‍ കുട്ടികളും അടുത്തിടെയായി സ്ത്രീകളും വില്‍പനയ്ക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. ഒരു തലമുറയെ തന്നെ നശിപ്പിക്കന്ന ഇത്തരം പ്രവണതകളെ സര്‍ക്കാര്‍തലത്തിലും സന്നദ്ധസംഘടനകളുടെയും നേതൃത്വത്തിലും ചെറുക്കുമെന്ന് അദ്ദേഹം പറഞ്ഞു. മഹിളാ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയംഗം കെ.പി.വി. പ്രീത പരിപാടി ഉദ്ഘാടനംചെയ്തു. കേരളത്തിലെ വിജയത്തേക്കാള്‍ മാഹിയിലെ ഇടതുമുന്നണി സ്വതന്ത്രന്റെ വിജയം ഞങ്ങളെ കൂടുതല്‍ ആഹ്ലാദഭരിതരാക്കിയെന്നു പ്രീത പറഞ്ഞു.

ലഹരിവിരുദ്ധ ജ്വാല മെഴുകുതിരി കൊളുത്തി ഡോ. രാമചന്ദ്രന്‍ ഉദ്ഘാടനംചെയ്തു. ഡിവൈഎഫ്‌ഐ പള്ളൂര്‍ സെക്രട്ടറി അഭിഷേക് മാലയാട് പ്രതിജ്ഞചൊല്ലിക്കൊടുത്തു. പന്തക്കല്‍ പ്രദേശത്തെ കഴിഞ്ഞ എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നതവിജയം നേടിയവരെ  ആദരിച്ചു. മുന്‍ കൗണ്‍സിലര്‍ ടി.കെ. ഗംഗാധരന്‍, എന്‍. ഹരിദാസ്, അഭിഷേക് മാലയാട്ട് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related posts