തളിപ്പറമ്പ്: സിഐടിയു പ്രവര്‍ത്തകനെ പോലീസ് മര്‍ദ്ദിച്ചുവെന്ന പരാതിയില്‍ ആരോപണ വിധേയനായ പരിയാരം സ്റ്റേഷനിലെ പോലീസ് ഡ്രൈവറോട് നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ ജില്ലാ പോലീസ് മേധാവി ഉത്തരവിട്ടതായി സൂചന. തൡപ്പറമ്പ് ഡിവൈഎസ്പി സി. അരവിന്ദാക്ഷന്റെ അന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. മര്‍ദ്ദനത്തില്‍ പരിക്കേറ്റ് പയ്യന്നൂര്‍ ഗവ.ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന കടന്നപ്പള്ളി പുത്തൂര്‍കുന്നിലെ ജസ്റ്റിന് അഗസ്റ്റിനെ (28) ഡിവൈഎസ്പി സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിച്ചിരുന്നു. പരിയാരം പോലീസ് സ്റ്റേഷനിലെത്തിയും ഡിവൈഎസ്പി വിവരങ്ങള്‍ ശേഖരിച്ചിരുന്നു.
ജസ്റ്റിന്റെ സഹോദരന് അലക്സ് ഇത് സംബന്ധിച്ച് തളിപ്പറമ്പ് സിഐ കെ.വിനോദ്കുമാറിന് പരാതി നല്‍കിയിരുന്നു. മാധ്യമങ്ങളില്‍ ഇത് സംബന്ധിച്ച് വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്നാണ് ജില്ലാ പോലീസ് മേധാവി അടിയന്തിര അന്വേഷണത്തിന് ഡിവൈഎസ്പിയെ ചുമതലപ്പെടുത്തിയത്.
ഇക്കഴിഞ്ഞ ആറിന് പരിയരം പോലീസ് സ്റ്റേഷനില്‍ മര്‍ദ്ദനമേറ്റ ജസ്റ്റിനെ എട്ടിനാണ് പയ്യന്നൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഡിവൈഎസ്പി അന്വേഷണ റിപ്പോര്‍ട്ട് ശനിയാഴ്ച്ച വൈകുന്നേരം തന്നെ ജില്ലാ പോലീസ് മേധാവിക്ക് കൈമാറിയിരുന്നു. സംഭവത്തില്‍ പോലീസിന്റെ ഭാഗത്ത് വീഴ്ച്ച ഉണ്ടായതായാണ് റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് നിര്‍ബന്ധിത അവധി. എസ്ഐക്കെതിരെ ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ടില്‍ കാര്യമായ പരാമര്‍ശമില്ലെന്നാണ് സൂചനകള്‍.