മട്ടന്നൂര്‍: വൈദ്യുത തൂണില്‍ സ്ഥാപിച്ച ഫ്യൂസ് അപകടഭീഷണി ഉയര്‍ത്തുന്നു. മട്ടന്നൂര്‍-ഇരിട്ടി റോഡില്‍ കോടതി സ്റ്റോപ്പിലാണ് അധികൃതരുടെ അനാസ്ഥയില്‍ ഫ്യൂസുള്ളത്. സ്കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെ ബസ് കാത്തുനില്ക്കുന്നതും നിരവധി വ്യാപാര സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്ന സ്ഥലത്താണു വൈദ്യുതതൂണില്‍ ഫ്യൂസ് സ്ഥാപിച്ചിരിക്കുന്നത്. കാരിയറില്ലാതെയാണ് ഫ്യൂസ് ഘടിപ്പിച്ചിരിക്കുന്നത്. കാരിയറിനു പകരം കമ്പി കെട്ടിയാണു വൈദ്യുതി നല്‍കുന്നത്.
നിരവധി വീടുകള്‍ക്കും വ്യാപാര സ്ഥാപനങ്ങളിലേക്കും കണക്ഷന് നല്കിയ വൈദ്യുതി തൂണിലാണ് ഫ്യൂസിന് കാരിയറില്ലാതെ കമ്പി കെട്ടിയിരിക്കുന്നത്. ഫ്യൂസിട്ട കമ്പി കത്തിപ്പോയാല്‍ മാറ്റിയിടുമ്പോള്‍ അപകടം തന്നെ സംഭവിക്കാം. ഫ്യൂസിന് കാരിയര്‍ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പലതവണ ബന്ധപ്പെട്ടവരോട് പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായില്ലെന്നു പറയുന്നു. ഇതിനുപുറമെ ഇത്തരം ഫ്യൂസുകളുണ്ട്. വൈദ്യുതി മുടങ്ങിയാല്‍ ഫ്യൂസ് മാറ്റിയിടാന്‍ തൊഴിലാളികള്‍ ഇല്ലെന്നും നിങ്ങള്‍ മാറ്റിയിട്ടോളൂവെന്നാണ് അധികൃതര്‍ പറയുന്നതെന്ന് ആരോപണമുണ്ട്.