വടക്കാഞ്ചേരി: കാലവര്‍ഷം ആരംഭിച്ച് നാളിതുവരെയായിട്ടും ജലനിരപ്പുയരാതെ വാഴാനി ഡാം. ജില്ലയിലെ പ്രധാന ജലസ്രോതസാണ് വാഴാനിഡാം. ഇവിടെനിന്നാണ് കൃഷിക്കുള്ള ജലസേചനം നടക്കുന്നത്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഡാം ജലസമ്പന്നമാകാത്തതിനാല് കര്‍ഷകര്‍ ദുരിതത്തിലാണ്. കേരള ജലസേചന വകുപ്പിനു കീഴിലുള്ള മണ്ണുകൊണ്ട് നിര്‍മിച്ച ഡാമില്‍ 4.32 മില്ല്യന്‍ ദശലക്ഷം ഘനമീറ്റര്‍ വെള്ളം മാത്രമാണ് ഉള്ളത്. മഴയുടെ അളവില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തിയ 2012ല്പോലും ഈ സമയത്ത് ആവശ്യത്തിനു വെള്ളം ഒഴുകിയെത്തിയിരുന്നു. 16.48 മില്ല്യന്‍ ദശലക്ഷം ഘനമീറ്റര്‍ സംഭരണശേഷിയുള്ള ഡാം ഈ കാലവര്‍ഷത്തില്‍ നിറയുമോയെന്നാണ് ആശങ്ക.
ആദ്യകാലത്ത് ഓഗസ്റ്റ് 15നു രാവിലെ ഡാമിന്റെ ഷട്ടര്‍ തുറക്കുന്നതു കാണാന്‍ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍നിന്ന് നൂറുകണക്കിന് ആളുകളാണ് എത്താറുള്ളത്. വിനോദസഞ്ചാരികള്‍ക്ക് അതൊരു ആഘോഷമായിരുന്നു. ഡാമിന്റെ പ്രധാന ഷട്ടറിന്റെ ഭാഗത്തുനിന്ന് 250ഓളം മീറ്റര്‍ ദൂരെയാണ് ഇപ്പോള്‍ വെള്ളം കിടക്കുന്നത്. അതുകൊണ്ടുതന്നെ ശക്തമായ മഴതുടരുമ്പോഴും ജലസേചനവകുപ്പ് ഷട്ടറുകള്‍ അഴിച്ചുവച്ച് അറ്റകുറ്റപ്പണികള്‍ നടത്തുകയാണ്. തെക്കുംകര, വടക്കാഞ്ചേരി, മുണ്ടത്തിക്കോട്, എരുമപ്പെട്ടി, ചൂണ്ടല്‍, വേലൂര്‍ പഞ്ചായത്തുകളിലെ കാര്‍ഷികസമൃദ്ധി ലക്ഷ്യമിട്ട് നിര്‍മിച്ച വാഴാനി ഡാം 1959 ഡിസംബര്‍ ആറിനാണ് രാഷ്ട്രത്തിനു സമര്‍പ്പിച്ചത്.
മണ്ണുകൊണ്ട് പൂര്‍ണമായും നിര്‍മിച്ച രാജ്യത്തെതന്നെ ഏറ്റവും വലിയ ഡാമുകളിലൊന്നാണ് വാഴാനിഡാം. അടുത്ത ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ചില്ലെങ്കില്‍ അത് മുമ്പെങ്ങുമില്ലാത്തവിധം ജലക്ഷാമത്തിന്റെ ദിനങ്ങളിലേക്കു നാടിനെ നയിക്കുമെന്ന് ഉറപ്പായി. എന്നാല്‍ വാഴാനിയെ ജലസമൃദ്ധിയാക്കാന് ജലസേചന വിഭാഗം ഉദ്യോഗസ്ഥര്‍ മച്ചാട് വനത്തിലെത്തി പൊന്തക്കാടുകള്‍ നീക്കി ചോലകള്‍ അണക്കെട്ടിലേക്കു തിരിച്ചുവിട്ടു. വാഴാനി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ എ.കെ. മോഹനന്, അസിസ്റ്റന്റ് എന്‍ജിനീയര്‍ ടി.എം. ബാലചന്ദ്രന് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഡാമിലേക്ക് വെള്ളം എത്തിക്കാനുള്ള ശ്രമം നടത്തിയത്.