വടക്കാഞ്ചേരി: മലയാളിയുടെ ജീവിത ഭാവങ്ങളെ വരകളിലൂടെയും ശില്പങ്ങളിലൂടെയും വെള്ളിത്തിരയിലൂടെയും അനശ്വരമാക്കിയ ഭരതന്റെ പേരില്‍ അദ്ദേഹത്തിന്റെ ജന്മനാട്ടില് സാംസ്കാരിക സമുച്ചയം നിര്‍മിക്കുമെന്ന് രാജ്യസഭ അംഗവും നടനുമായ സുരേഷ്ഗോപി പറഞ്ഞു. ഇന്നുരാവിലെ ഭരതന് ഫൗണ്ടേഷനും കേരളവര്‍മ വായനശാലയുടെയും സംയുക്താഭിമുഖ്യത്തില്‍ വായനശാല ഹാളില്‍ സംഘടിപ്പിച്ച ഭരതന് സ്മൃതിയില്‍ അധ്യക്ഷ പ്രസംഗം നടത്തുന്നതിനിടെ ഭരതന്റെ സഹധര്‍മ്മിണി കെപിഎസി ലളിത ഫോണില്‍ ലഭിച്ച സന്ദേശം അനുസ്മരണ സമ്മേളനത്തില്‍ അറിയിക്കുകയായിരുന്നു.
സംസ്ഥാന സഹകരണ -ടൂറിസം മന്ത്രി എ.സി. മൊയ്തീന് ഭരതന് സ്മൃതി ഉദ്ഘാടനം ചെയ്തു. അനില്‍ അക്കര എംഎല്‍എ മുഖ്യാതിഥിയായിരുന്നു. ഗാനരചിതാവ് ഷിബു ചക്രവര്‍ത്തി ഭരതനെ ചടങ്ങില്‍ അനുസ്മരിച്ചു. ഒഎന്‍വി കുറുപ്പിനെയും കാവാലം നാരായണപണിക്കരെയും ഓര്‍ക്കുന്ന മുക്കുറ്റി തിരുതാളി കാവ്യാഞ്ജലിക്ക് ജയരാജ് വാരിയരും മകള്‍ ഇന്ദുലേഖ ജയരാജും നേതൃത്വം നല്കി.
നഗരസഭ ചെയര്‍പേഴ്സണ്‍ ശിവപ്രിയ സന്തോഷ്, നഗരസഭ പ്രതിപക്ഷനേതാവ് കെ. അജിത്കുമാര്‍, വൈസ് ചെയര്മാന് എം.ആര്. അനൂപ് കിഷോര്‍, സ്ഥിരം സമിതി അധ്യക്ഷന്‍ എം.ആര്. സോമനാരായണന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സെ്. ബസന്ത്ലാല്, കൗണ്സിലര്സിന്ധു സുബ്രഹ്മണ്യന് തുടങ്ങിയവര്‍ പ്രസംഗിച്ചു. വായനശാല പ്രസിഡന്റ് വി. മുരളി സ്വാഗതവും സെക്രട്ടറി ജോണ്സണ് പോണല്ലൂര്‍ നന്ദിയും പറഞ്ഞു. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.