വി.ആര്‍. അരുണ്‍കുമാര്‍
കോട്ടയം: പ്രണയിനിക്കു വേണ്ടി എഴുതിയ കവിത. പേരറിയാത്ത, മുന്‍പരിചയം പോലുമില്ലാത്ത കൂട്ടുകാരി ആ കവിത ചൊല്ലി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചപ്പോള്‍ വൈറലായത് സാം മാത്യു എന്ന വിദ്യാര്‍ഥിയുടെ സ്വപ്‌നങ്ങളാണ്. വടവാതൂര്‍ സ്വദേശിയായ സാം മാത്യു 2012ല്‍ സിഎം എസ് കോളജിലെ പഠനകാലത്തു എഴുതിയ “സഖാവ്’ എന്ന കവിതയാണ് സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചാ വിഷയം. കവിത എഴുതി നാലു വര്‍ഷങ്ങള്‍ക്കു ശേഷം കണ്ണൂര്‍ ബ്രണ്ണന്‍ കോളജിലെ ആര്യ ദയാല്‍ എന്ന വിദ്യാര്‍ഥിനിയുടെ ശബ്ദമാധുര്യത്തില്‍ സോഷ്യല്‍മീഡിയ കവിത ഏറ്റെടുത്തു.
ആര്യ തന്നെയാണ് കവിത ചൊല്ലുന്ന സെല്‍ഫി വീഡിയോ ഫേസ്ബുക്കില്‍ അപ്‌ലോഡ് ചെയ്തത്. പിന്നീട് യുടൂബ് വഴി വീഡിയോ വൈറലാവുകയായിരുന്നു. സഖാവ് എന്ന കവിത 2012-ല്‍ സിഎംഎസ് കോളജില്‍ നിന്നും പുറത്തിറങ്ങിയ കോളജ് മാഗസീനിലാണ് ആദ്യം പ്രസദ്ധീകരിച്ചത്. കവിത എഴുത്തും കവിത ചൊല്ലുന്നതും ഏറെ ഇഷ്്ടപ്പെട്ടിരുന്ന സാം മാത്യു കൂട്ടുകാരുമായി ഇരുന്ന നിമിഷത്തില്‍ സഖാവ് എന്ന കവിത ചൊല്ലുകയുണ്ടായി. കൂട്ടുകാരിലാരോ സാം കവിത ചൊല്ലുന്നതു റിക്കോര്‍ഡ് ചെയ്തു എടുത്തിരുന്നു. പിന്നീട് സോഷ്യല്‍ മീഡിയവഴി പ്രചരിച്ച കവിത പലരും പലരീതിയില്‍ പാടി. എന്നാല്‍ ആര്യ ദയാല്‍ പാടിയ കവിതയാണ് സോഷ്യല്‍ മീഡിയ നെഞ്ചോടു ചേര്‍ത്തത്.
ഒടുവില്‍ കവിത രചിച്ച സാം മാത്യു കവിത ചൊല്ലിയ ആര്യ ദയാലിനു ഫേസ്ബുക്കില്‍ താങ്ക്‌സ് എന്ന ഒരു മെസേജ് മാത്രം പങ്കുവച്ചു. കലാലയത്തിലെ പൂമരവും സഖാവും തമ്മിലുള്ള പ്രണയവും വിരഹവും നിറഞ്ഞതാണ് സാം മാത്യുവിന്റെ സഖാവ് എന്ന കവിത. കാമുകിക്കു വേണ്ടി എഴുതിയ കവിത പ്രണയിനിയെ ചൊല്ലികേള്‍പ്പിച്ചുവെങ്കിലും തന്റെ പ്രണയസ്വപ്‌നങ്ങള്‍ക്കു ചിറകുവിരിച്ചില്ലെന്നു സാം മാത്യു പറഞ്ഞു.
ചെറുപ്പം മുതലേ കവിത എഴുതുന്ന സ്വഭാവം സാംമാത്യുവിനു ഉണ്ടായിരുന്നു. സിഎംഎസ് കോളജിലെ പഠനകാലത്താണ് പൂര്‍ണരൂപത്തില്‍ കവിതകള്‍ എഴുതി തുടങ്ങിയതെന്നു സാം മാത്യു പറഞ്ഞു. സിഎംഎസ് കോളജ് പഠനകാലത്തു ആര്‍ട്‌സ് ക്ലബ് സെക്രട്ടറിയായിരുന്നു സാം മാത്യു. ഇപ്പോള്‍ എംജി യൂണിവേഴ്‌സിറ്റി സ്കൂള്‍ ഓഫ് ലെറ്റേഴ്‌സിലെ അവസാന വര്‍ഷവിദ്യാര്‍ഥിയാണ്. വടവാതൂര്‍ അറയ്ക്കപ്പറമ്പില്‍ ഡേവിഡിന്റെയും സൂസന്റെയും രണ്ടാമത്തെ മകനാണ് സാം മാത്യു. സഹോദരന്‍ സിനീഷ്.