ജോണ്‍സണ്‍ പൂവന്തുരുത്ത്
കോട്ടയം: “എന്നെ പ്രാര്‍ഥനകൊണ്ട് അനുഗ്രഹിച്ച പപ്പയ്ക്കും മമ്മിക്കും നന്ദിയര്‍പ്പിക്കുന്നു.. എന്ന വാചകം സ്ക്രീനില്‍ കണ്ടപ്പോള്‍ മുതല്‍ കണ്ണുനിറഞ്ഞ് ഒഴുകാന്‍ തുടങ്ങിയതാ. സത്യം പറഞ്ഞാല്‍ സിനിമ ശരിക്കു കാണാന്‍ പറ്റിയില്ല. അതുകൊണ്ട് ഒരിക്കല്‍കൂടി പോയി അവന്റെയൊപ്പം കാണണം…’- ഇതു പറയുമ്പോള്‍ ഗപ്പി സിനിമയുടെ സംവിധായകന്‍ ജോണ്‍പോള്‍ ജോര്‍ജിന്റെ പ്രിയപ്പെട്ട അമ്മ റീത്താമ്മയുടെ വാക്കുകള്‍ ഇടറി. മാതൃസ്‌നേഹത്തിന്റെ ഹൃദയസ്പര്‍ശിയായ കഥ പറയുന്ന സിനിമയാണ് യുവസംവിധായകന്‍ ജോണ്‍പോള്‍ ആദ്യമായി സംവിധാനം ചെയ്ത ഗപ്പി.
തന്റെ സ്‌നേഹം തന്നെയാണ് അവന്‍ ചിത്രത്തിലേക്കു പകര്‍ത്തിവച്ചിരിക്കുന്നതെന്ന് ഈ അമ്മ പറയുന്നു. പാട്ടുകാരി കൂടിയായ റീത്താമ്മ മകന്റെ ചിത്രത്തില്‍ പാടുന്നുമുണ്ട്. സിനിമയിലെ അമ്മ കഥാപാത്രമായ രോഹിണി മകനു വേണ്ടി അര്‍പ്പിക്കുന്ന പ്രാര്‍ഥനാ ഗാനത്തോടെയാണു ചിത്രം തുടങ്ങിയിരിക്കുന്നത്. “ഉണ്ണിമിശിഹായെ കാത്തതുപോലെ എന്‍ ഉണ്ണിയെ കാത്തുകൊള്ളണേ’ എന്ന ഈ ഗാനം ആലപിച്ചിരിക്കുന്നതു റീത്താമ്മയാണ്. ജോണ്‍പോള്‍ തന്നെ രചിച്ച ഈ ഗാനത്തിനു സംഗീതം പകര്‍ന്നിരിക്കുന്നത് വിഷ്ണു വിജയ് ആണ്. ഞാനുറങ്ങാന്‍ പോകുംമുമ്പായ്… എന്നു തുടങ്ങുന്ന പ്രാര്‍ഥനാ ഗാനവും ഈ ചിത്രത്തില്‍ റീത്താമ്മ പാടിയിട്ടുണ്ട്.
48 വര്‍ഷമായി പള്ളി ക്വയറുകളിലെ പാട്ടുകാരിയാണ് കോട്ടയം മൂലേടം കളത്തിപ്പറമ്പില്‍ റീത്താമ്മ. ഇതിനകം കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി ആയിരക്കണക്കിനു ക്വയറുകളില്‍ പാടിയിട്ടുണ്ട്. കോട്ടയം കുടമാളൂര്‍ പള്ളി ക്വയറിലാണ് റീത്താമ്മയുടെ തുടക്കം. മൂലേടം കളത്തിപ്പറമ്പില്‍ തങ്കച്ചനെന്ന ജോര്‍ജിനെ വിവാഹം ചെയ്തതോടെ പാട്ട് കടുവാക്കുളം ലിറ്റില്‍ ഫഌവര്‍ പള്ളിയിലേക്കു മാറി. ക്വയര്‍ പാട്ടു പ്രശസ്തമായതോടെ റീത്താമ്മയുടെ പാട്ടുകള്‍ കത്തോലിക്ക പള്ളികളില്‍ മാത്രമല്ല ഓര്‍ത്തഡോക്‌സ്, യാക്കോബായ തുടങ്ങി മറ്റു സഭാവിഭാഗങ്ങളുടെ ചടങ്ങുകളിലേക്കും കടന്നു ചെന്നു. പഴയതുപോലെ ഓടിനടന്നു പാടാനുള്ള ആരോഗ്യം കുറഞ്ഞതോടെ ക്വയര്‍ പരിപാടികള്‍ കുറച്ചിരിക്കുകയാണ് ഈ ഗായിക. അപ്പോഴാണ് അമ്മയുടെ സ്‌നേഹത്തിനു സിനിമയിലൂടെ മകന്‍ കൈയൊപ്പു ചാര്‍ത്തിയിരിക്കുന്നത്.
തികച്ചും സാധാരണ ചുറ്റുപാടില്‍നിന്ന് ഈ തലത്തിലേക്ക് മകന്‍ വളര്‍ന്നതിനു പിന്നില്‍ ദൈവാനുഗ്രഹവും കഠിനാധ്വാനവുമാണെന്ന് ഈ അമ്മ പറയുന്നു. ജോണ്‍പോളിന്റെ ഏക സഹോദരി ജിഷ ഭര്‍ത്താവിനൊപ്പം ഗള്‍ഫിലാണ്. കന്റെ ആദ്യ സിനിമ മികച്ച അഭിപ്രായം നേടി പ്രദര്‍ശനം തുടരുകയാണെന്ന വാര്‍ത്ത കേട്ട് ആഹ്ലാദത്തിലാണ് നാട്ടുകാര്‍ സ്‌നേഹത്തോടെ വിളിക്കുന്ന റീത്താമ്മാന്റിയും തങ്കച്ചായനും. മകനൊപ്പമിരുന്നു സിനിമ കാണുമ്പോള്‍ കണ്ണീരിനിയും കാഴ്ച മറയ്ക്കുമോയെന്ന ചോദ്യത്തിനു റീത്താമ്മാന്റി പറഞ്ഞ മറുപടി ആയിരക്കണക്കിനു ഭക്തിഗാനങ്ങള്‍ക്കു സ്വരമാധുര്യം പകര്‍ന്ന ആ തൊണ്ടയിലെവിടെയോ കുരുങ്ങി… മക്കളുടെ സ്‌നേഹത്തോടു ഹൃദയം ചേര്‍ത്തുവയ്ക്കുന്ന എല്ലാ അമ്മമാരെയും പോലെ…