ശാരീരിക ന്യൂനതകളോടു ഗുഡ്‌ബൈ… അനുവിന്റെ കരവിരുതില്‍ വിരിയുന്നത് മോഹനശില്പങ്ങള്‍

fb-anuചങ്ങനാശേരി: മൂന്നര വയസില്‍ പോളിയോ ബാധിച്ചു തളര്‍ന്ന വൈകല്യങ്ങളെ അനു കെ. മുരളി അനുഗ്രഹമാക്കി. തളര്‍ന്ന കൈകളുടെ വിരുതില്‍ മനോഹര കലാരൂപങ്ങള്‍ ജനിക്കുന്നു. ഇത്തിത്താനം കൊച്ചുപുരയ്ക്കല്‍ മുരളീധരന്റെ മകന്‍ അനുവാണ് ശാരീരിക  ന്യൂനതകളെ അനുഗ്രഹമാക്കി മാറ്റിയത്. പൂര്‍ണ ആരോഗ്യമുള്ളവര്‍ പോലും ജീവിതത്തില്‍ പലപ്പോഴും പരാജയങ്ങള്‍ക്കടിമപ്പെടുമ്പോഴാണ് കൈയും കാലും തളര്‍ന്ന അനു തടിയില്‍ മനോഹര ശില്പങ്ങള്‍ കൊത്തി ശ്രദ്ധേയനാകുന്നത്.

ചെത്തിപ്പുഴ മേഴ്‌സിഹോമിന്റെ തണലില്‍ പരിശീലനം നേടി 12-ാം ക്ലാസ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ 26കാരനായ അനു നാലുവര്‍ഷം മുമ്പാണ് തടികളില്‍ കൊത്തുപണികള്‍ ആരംഭിച്ചത്. മേഴ്‌സി ഹോമിലെ സിസ്റ്റര്‍മാര്‍ നല്‍കിയ പ്രോത്സാഹനവും പിന്തുണയുമാണ് തന്റെ വിജയരഹസ്യമെന്നു പറയുമ്പോള്‍ അനുവിന്റെ മുഖത്ത് വിജയത്തിന്റെ ശോഭ പടരുന്നു. ആശാരിപ്പണിക്കാരനായ പിതാവു മുരളിയും പിതൃസഹോദരന്‍ സുരേഷ്കുമാറുമാണ് അനുവിനു കൊത്തുപണിയുടെ ബാലപാഠം പകര്‍ന്നു നല്‍കിയത്. ഇപ്പോള്‍ അനു കൊത്തിയെടുക്കുന്നതു പൂര്‍ണതയുള്ള ശില്പങ്ങളാണ്.

പള്ളികളിലേയും വീടുകളിലേയും തടികളിലുള്ള ചിത്രപ്പണികളില്‍ അനു കഴിവ് തെളിയിച്ചു കഴിഞ്ഞു. അനു തടിയില്‍ കൊത്തിയ നല്ലിടയന്റെ രൂപം ഏറെ ശ്രദ്ധ നേടി. പൂര്‍ത്തിയായ ഈ രൂപം വാട്ട്‌സാപ്പിലിട്ടപ്പോള്‍ ഏറെ പ്രതികരണം ലഭിച്ചു. ഈ ചിത്രം ക|് ആകൃഷ്ടനായ മലപ്പുറം കരുവാരക്കു|് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയിലെ വികാരി അനുവിനെ പുതിയ പള്ളിയുടെ പ്രധാന വാതിലിലെ കൊത്തുപണിക്കായി ക്ഷണിച്ചു. കഴിഞ്ഞമാസം ഈ ജോലി വിജയകരമായി പൂര്‍ത്തിയാക്കി അനു മടങ്ങി. ഫര്‍ണിച്ചറുകള്‍ക്കായി കടഞ്ഞെടുത്ത തടികളില്‍ ചിത്രവേല നടത്തുന്നതിലും അനു സമര്‍ഥനാണ്.

തളര്‍ന്ന് കുറുകിയ വലതു കൈയില്‍ ഉളിയും കൊട്ടുപിടിയും പിടിച്ച് അനു കരവിരുതില്‍ മികവു പുലര്‍ത്തുമ്പോള്‍ കാഴ്ചക്കാരില്‍ അദ്ഭുതം വിരിയുകയാണ്. സ്വപ്രയത്‌നത്താല്‍ ഒരുവര്‍ഷം മുമ്പ് ഒരു ഐ10 കാര്‍ സ്വന്തമാക്കിയ അനു ഡ്രൈവിംഗും വശമാക്കി. എന്നാല്‍ ശാരീരിക ന്യൂനതയുള്ളതിനാല്‍ ഡ്രൈവിംഗ് ലൈസന്‍സ് സ്വന്തമാക്കാന്‍ കഴിഞ്ഞിട്ടില്ല. മാതാവ് ശോഭയും സഹോദങ്ങളായ മനുവും വിനുവും അനുവിന്റെ ജോലികള്‍ക്കു കൈത്താങ്ങാണ്.

Related posts