റാന്നി: വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റു സ്ഥാനത്തിനുവേണ്ടി സിപിഐ ഉന്നയിച്ച് ആവശ്യത്തിന്മേല്‍ തീരുമാനമായില്ല. സിപിഎമ്മുമായി ഇന്നലെയും ചര്‍ച്ചകള്‍ നടന്നെങ്കിലും തീരുമാനമാകാതെ പിരിഞ്ഞു. കേവല ഭൂരിപക്ഷം എല്‍ഡിഎഫിനില്ലാത്ത സാഹചര്യത്തില്‍ നിലവില്‍ സിപിഎം പ്രസിഡന്റിനെ പിന്തുണയ്ക്കുന്ന സ്വതന്ത്രാംഗത്തിന്റെ പിന്തുണ ഉറപ്പാക്കാന്‍ സിപഐയ്ക്കു കഴിയാത്ത സാഹചര്യത്തിലാണ് ചര്‍ച്ച നീളുന്നത്. റാന്നി ടിബിയില്‍ ഇന്നലെ സിപിഎം, സിപിഐ നേതാക്കള്‍ തമ്മില്‍ നടന്ന ചര്‍ച്ചയില്‍ വെച്ചൂച്ചിറയിലെ സ്വതന്ത്രാംഗം കൂടിയ വൈസ് പ്രസിഡന്റ് സ്കറിയ ജോണും പങ്കെടുത്തിരുന്നു. ചര്‍ച്ചയില്‍ വൈസ് പ്രസിഡന്റ് തന്റെ നിലപാട് ആവര്‍ത്തിച്ചു.
സിപിഎം പ്രസിഡന്റ് രേണുക മുരളീധരന്‍ രണ്ടരവര്‍ഷം തല്‍സ്ഥാനത്തു തുടരട്ടെയെന്ന നിലപാടാണ് വൈസ് പ്രസിഡന്റിന്റേത്. ഇപ്പോഴുണ്ടാകുന്ന ഭരണമാറ്റം പഞ്ചായത്തിലെ വികസന പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭൂരിപക്ഷ പിന്തുണ ഉറപ്പാകാത്തതിനാല്‍ സിപിഐയുടെ ആവശ്യം തല്‍ക്കാലം പരിഹരിക്കാന്‍ കഴിയാത്ത നിലയിലായി. യുഡിഎഫില്‍ വിള്ളലുണ്ടാക്കി ഭരണം നിലനിര്‍ത്താമെന്ന ചിന്ത സിപിഐയിലുണ്ടായെങ്കിലും പ്രതീക്ഷ വച്ചുപുലര്‍ത്തുന്ന ഇത്തരം നിലപാടുകളോടു സിപിഎമ്മിന് താല്‍പ്പര്യമില്ല.
വൈസ് പ്രസിഡന്റിനെ ഒഴിവാക്കി ചര്‍ച്ചകള്‍ നടത്തിയെങ്കിലും വിഷയങ്ങളില്‍ തീരുമാനമുണ്ടായില്ല. ചര്‍ച്ചകള്‍ വീണ്ടും 22നു തുടരാനാണ് തീരുമാനം. പിന്തുണ ഉറപ്പാക്കേണ്ടത് സിപിഎമ്മാണെന്ന നിലപാടിലാണ് സിപിഐ. റാന്നി താലൂക്ക് അടിസ്ഥാനത്തില്‍ സിപിഐയ്ക്ക് ഒരു പ്രസിഡന്റു സ്ഥാനം അവകാശപ്പെട്ടതാണെന്നും വെച്ചൂച്ചിറയ്ക്കുവേണ്ടി തങ്ങളുടെ വാദം എല്‍ഡിഎഫ് ജില്ലാ നേതൃത്വം അടക്കം അംഗീകരിച്ചതാണെന്നും സിപിഐ നേതാക്കള്‍ പറയുന്നു.
സ്വതന്ത്രാംഗത്തിന്റെ പിന്തുണ തങ്ങള്‍ക്കു മാത്രമെന്ന നിലപാട് രൂപപ്പെടുത്തിയത് സിപിഎമ്മായതിനാല്‍ പിന്തുണ നിലനിര്‍ത്തേണ്ടത് സിപിഎം തന്നെയാണെന്നും സിപിഐ നേതാക്കള്‍ പറഞ്ഞു. സിപിഎം ജില്ലാ സെക്രട്ടറി എ.പി. ഉദയഭാനു, ഏരിയാ സെക്രട്ടറി റോഷന്‍ റോയി മാത്യു, സിപിഐ നേതാക്കളായ എം.വി. വിദ്യാധരന്‍, മനോജ് ചരളേല്‍, ബേബിച്ചന്‍ വെച്ചൂച്ചിറ എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.