നേത്രാവതി എക്‌സ്പ്രസിനുള്ളില്‍ തീകൊളുത്തി ആത്മഹത്യാ ശ്രമം: യുവാവിനെതിരേ റെയില്‍വേ പോലീസ് കേസെടുത്തു

alp-trainfireകായംകുളം: നേത്രാവതി എക്‌സ്പ്രസിലെ ശുചിമുറിയില്‍ യുവാവ് തീകൊളുത്തി  ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ കോട്ടയം റെയില്‍വേ പോലീസ് കേസെടുത്തു. റെയില്‍വേ വസ്തുക്കള്‍ നശിപ്പിച്ചതു ള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.   തമിഴ്‌നാട് വെല്ലൂര്‍ ഗാന്ധിയന്‍ ഗാനം ന്യൂ ബസ്സ്റ്റാന്റിന് സമീപം രാജഗണപതി നഗറില്‍ ശ്രീനിവാസന്റെ മകന്‍ നിവാസ് (24 )ആണ് ട്രെയിനിനുള്ളില്‍ ഇന്നലെ രാവിലെ ആത്മഹത്യക്ക് ശ്രമിച്ചത്. കൈക്കും മുഖത്തും സാരമായി പൊള്ളലേറ്റ യുവാവിപ്പോള്‍ ആലപ്പുഴ മെഡിക്കല്‍ കോളജിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

ഇയാള്‍ക്ക് റെയില്‍വേ പോലീസ് നിരീക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട് ഇന്നലെ രാവിലെ 11 .45 ഓടെതിരുവനന്തപുരം ലോകമാന്യ തിലക് നേത്രാവതി എക്‌സ്പ്രസ് കായംകുളത്ത് എത്തിയപ്പോഴായിരുന്നു സംഭവം സമീപത്തെ ബോഗിയിലേക്ക് തീ പടര്‍ന്ന് പിടിച്ച് ആളിക്കത്തിയെങ്കിലും യാത്രക്കാരുടെയും ട്രെയിനിലെ ജീവനക്കാരുടെയും അവസരോചിതമായ ഇടപെടല്‍ മൂലം വന്‍ ദുരന്തമൊഴിവാകുകയായിരുന്നു. കായംകുളത്ത് നിന്നും ട്രെയിന്‍ പുറപ്പെടാനുള്ള സിഗ്‌നല്‍ നല്‍കിയ സമയത്താണ് ശുചിമുറിയില്‍ നിന്നും തീയും പുകയും ഉയരുന്നത് യാത്രക്കാര്‍ കണ്ടത്.

ചങ്ങല വലിച്ച് അപായ സൂചന നല്‍കിയതിനാല്‍ തീവണ്ടി മുന്നോട്ട് എടുത്തില്ല. ഓടിയത്തെിയ യാത്രക്കാര്‍ ശുചിമുറിയുടെ വാതില്‍ ബലമായി തുറന്ന് അകത്തുകയറി യുവാവിനെ പുറത്തേക്ക് വലിച്ചിറക്കുകയായിരുന്നു. യുവാവ് വസ്ത്രങ്ങള്‍ കൂട്ടിയിട്ട് പെട്രോള്‍ ഒഴിച്ചാണ് കത്തിച്ചത്.ട്രെയിനിന്റെ  എസി കോച്ചിനോടു ചേര്‍ന്നുള്ള ജനറല്‍ കമ്പാര്‍ട്ട് മെന്റിലാണ് തീപിടിച്ചത്  അപകടസാധ്യത മനസിലാക്കി പുറത്തിറങ്ങിയ ലോക്കോപൈലറ്റും മറ്റ് ജീവനക്കാരും ചേര്‍ന്ന് എ.സി കമ്പാര്‍ട്ട് അടക്കമുള്ളവയുടെ ബന്ധം വേര്‍പ്പെടുത്തിയ ശേഷം തീപിടിച്ച ബോഗി അരകിലോമീറ്ററോളം മുന്നോട്ട് മാറ്റി.  ഓടിയത്തെിയ നാട്ടുകാരുടെ ഇടപെടലിലൂടെ പരിസരത്തെ വീട്ടിലെ കിണറ്റില്‍ നിന്നും പൈപ്പില്‍ നിന്നുമുള്ള വെള്ളം ഉപയോഗിച്ച് തീകെടുത്താനുള്ള രക്ഷാപ്രവര്‍ത്തനം നടത്തി.

തീവണ്ടിയിലുണ്ടായിരുന്ന അഗ്‌നിശമന ഉപകരണങ്ങളും തീകെടുത്തുന്നതിന് സഹായകമായി.  സംഭവം അറിഞ്ഞ് കായംകുളത്ത് നിന്നും പിന്നീട്  അഗ്‌നിശമനസേനാ  യൂണിറ്റ് സ്ഥലത്ത് എത്തിയെങ്കിലും ട്രെയിന്‍  കിടന്ന ഭാഗത്തേക്ക്  കടക്കാനായില്ല. പിന്നീട് മറ്റൊരു റോഡിലൂടെ എത്തിയാണ് ഇവര്‍ ബോ ഗിയി ലേക്ക് വെള്ളം പമ്പ് ചെയ്തത്. സി.പി.ഐ നേതാവ് പന്ന്യന്‍ രവീന്ദ്രനും കോണ്‍ഗ്രസ് വക്താവ് രാജ്‌മോഹന്‍ ഉണ്ണിത്താനും തീകത്തിയതിനോട് ചേര്‍ന്നുള്ള എ.സി കമ്പാര്‍ട്ടുമെന്‍റിലെ യാത്രിക രായിരുന്നു. തീപിടിച്ച ബോഗി ഒഴിവാക്കി മൂന്നുമണിക്കൂറിന് ശേഷം ഉച്ചക്ക് രണ്ട് മണിയോടെയാണ്  ട്രെയിന്‍  കായംകുളത്ത് നിന്നും പിന്നീട് പുറപ്പെട്ടത്

ട്രെയിനില്‍ തീപിടിത്തമെന്ന വാര്‍ത്ത പരന്നതോടെ കായംകുളം റെയില്‍വേ സ്‌റ്റേഷന്‍ പരിസരമാകെ  ഇന്നലെ പരിഭ്രാന്തിയിലായി  ട്രെയിനിലെ യാത്രക്കാര്‍ ഒന്നടങ്കം ഭീതിയിലായി വിവരമറിഞ്ഞ് യാത്രക്കാരുടെ ബന്ധുക്കള്‍ അടക്കമുള്ളവരുടെ ഫോണ്‍ കോളുകളാണ് സംഭവം നടന്നയുടന്‍ റെയില്‍വേ സ്‌റ്റേഷനിലേക്ക് പ്രവഹിച്ചത്. പെട്ടെന്നുണ്ടായ അഗ്‌നിബാധയില്‍ യാത്രക്കാര്‍ ആദ്യം പകച്ചുപോയെങ്കിലും നിമിഷ നേരത്തിനകം എല്ലാ യാത്രക്കാരും ബോഗിക്ക് പുറത്തേക്ക് ഇറങ്ങുകയും റെയില്‍വേ ജീവനക്കാരും യാത്രക്കാരും ചേര്‍ന്ന് തീ അണയ്ക്കുകയുമായിരുന്നു.

Related posts