പത്തനാപുരം: ഹൈടെക് മോഡല്‍ എടിഎം തട്ടിപ്പില്‍ കൊല്ലം പത്തനാപുരം സ്വദേശിയുടെ 50000 രൂപ നഷ്ടപ്പെട്ടു . പത്തനാപുരം കല്ലുംകടവ് കളീക്കല്‍ വീട്ടില്‍ റിനുവിന്റെ പണമാണ് നഷ്ടപ്പെട്ടത് . കോയമ്പത്തൂരിലുളള ഹിന്ദുസ്ഥാന്‍ പെട്രോളിയം ലിമിറ്റഡിന്റെ അധീനതയിലുളള എടിഎമ്മില്‍ നിന്നാണ് മോഷ്ടാക്കള്‍ പണം പിന്‍വലിച്ചത്. 21ന് രാത്രി 11ഓടെയാണ് വ്യാജ എടിഎം കാര്‍ഡ് ഉപയോഗിച്ച് പണം തട്ടിയത്. പതിനായിരം രൂപ വീതം അഞ്ച് തവണയായാണ് എടുത്തിരിക്കുന്നത്.
എടിഎമ്മില്‍ നിന്നും പണം പിന്‍വലിച്ചതായുളള മെസേജ് ലഭിച്ചതിനെ തുടര്‍ന്ന് ബാങ്ക് അധികൃതരുടെ കസ്റ്റമര്കെയറുമായി ഉടന്‍ ബന്ധപ്പെട്ട് അക്കൗണ്ട് മരവിപ്പിച്ചതിനാല്‍ കൂടുതല്‍ പണം നഷ്ടമായില്ല. ആദ്യ മെസേജു ലഭിച്ചപ്പോള്‍ തന്നെ എടിഎം കാര്‍ഡില്‍ രേഖപ്പെടുത്തിയിരുന്ന നമ്പറില്‍ റിനു വര്‍ഗീസ് ബന്ധപ്പെട്ടിരുന്നു . വിദേശത്ത് ജോലി ചെയ്യുന്ന റിനു കഴിഞ്ഞ ആഴ്ചയാണ് നാട്ടിലെത്തിയത്. വ്യാജ എടിഎം കാര്‍ഡ് ഉപയോഗിച്ചാണ് മോഷണം നടത്തിയിരിക്കുന്നത് എന്നാണ് പോലീസ് പറയുന്നത്. റിനുവിന്റെ ഫെഡറല്‍ ബാങ്ക് അക്കൗണ്ടില്‍ നിന്നാണ് പണം നഷ്ടമായത്.
ഏത് എടിഎം വഴിയാണ് പണം നഷ്ടപ്പെട്ടതെന്ന് വ്യക്തമല്ല. പത്തനാപുരം പോലീസില്‍ പരാതി നല്കി. ഹൈട്ടക്ക് എടിഎം തട്ടിപ്പിന്റെ അന്വേഷണ സംഘത്തിന് പരാതി കൈമാറിയതായാണ് സൂചന. വ്യാജ എടിഎം കാര്‍ഡുണ്ടാക്കി റുമാനിയന്‍ സംഘം നടത്തിയതിന് സമാനമായ രീതിയിലുളളതാണ് ഈ തട്ടിപ്പും. എടിഎം തട്ടിപ്പിലൂടെ പണം നഷ്ടപ്പെടുന്നവരുടെ എണ്ണം കൂടുന്നതോടെ ആശങ്കയിലാണ് ഉപഭോക്താക്കള്‍.