ഹരിപ്പാട്/കായംകുളം: പോലീസിനെതിരേ ആത്മഹത്യാ കുറിപ്പ് എഴുതി വച്ച ശേഷം ഗൃഹനാഥന്‍ ജീവനൊടുക്കിയ സംഭവത്തില്‍ ബന്ധുക്കളുടെ മൊഴിയെടുക്കുമെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഓട്ടോ ഡ്രൈവറും സിഐടിയു യൂണിയന്‍ അംഗവുമായ കാര്‍ത്തികപ്പള്ളി പുതുക്കുണ്ടം നിധിന്‍ നിവാസില്‍ കൃഷ്ണകുമാറിനെയാണ് (48) ഇന്നലെ രാവിലെ 11.30 ഓടെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം സംബന്ധിച്ചുള്ള കൃത്യമായ വിവരശേഖരണത്തിനാണ് ബന്ധുക്കളുടെ കൂടി മൊഴിയെടുക്കുന്നത്.
സമീപവാസിയായ യുവാവ് കൃഷ്ണകുമാറിന്റെ മരുമകളെ ശല്യം ചെയ്തത് മകന്‍ മനു കൂട്ടുകാരോടൊപ്പം യുവാവിന്റെ വീട്ടില്‍ പോയി ചോദ്യം ചെയ്തിരുന്നുവെന്നു പറയുന്നു. ഇതിനെതിരേ യുവാവിന്റെ വീട്ടുകാര്‍ തൃക്കുന്നപ്പുഴ പോലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ അഡീഷണല്‍ എസ്‌ഐ കുഞ്ഞുമോന്റെ നേതൃത്വത്തില്‍ മനുവിനെ അന്വേഷിച്ചെത്തിയ പോലീസ് മകനെ കൈയില്‍ കിട്ടിയാല്‍ ശരിപ്പെടുത്തുമെന്ന് കൃഷ്ണകുമാറീനോട് ഭീഷണി മുഴക്കിയെന്നാണ് ആരോപണം. കൂടാതെ നാലംഗസംഘം മനുവിനെ തിരക്കി വീട്ടിലെത്തുകയും അവരും മകനെ മര്‍ദിക്കുമെന്ന് കൃഷ്ണകുമാറിനോട് ഭീഷണി മുഴക്കിയതായും ബന്ധുക്കള്‍ പറയുന്നു.
മരുമകള്‍ ഞായറാഴ്ച പോലീസില്‍ പരാതി നല്‍കിയെങ്കിലും യാതൊരുവിധ നടപടിയും പോലീസ് കൈക്കൊണ്ടില്ലെന്നും ബന്ധുക്കള്‍ ആരോപിക്കുന്നുണ്ട്. തന്റെ മരണത്തിന് എഎസ്‌ഐയും ഉണ്ണി എന്ന യുവാവുമാണ് ഉത്തരവാദിയെന്നാണ് കത്തിലുള്ളത്. തന്റെ ആത്മഹത്യകൊണ്ട് കുടുംബത്തിനു മേലുള്ള പ്രശ്‌നങ്ങള്‍ അവസാനിക്കട്ടെയെന്നും കത്തില്‍ കുറിച്ചിട്ടുണ്ട്. മുഖ്യമന്ത്രിക്കും ബന്ധുക്കള്‍ക്കും പ്രത്യേകം കത്തുകളാണ് എഴുതി വച്ചിട്ടുള്ളത്. ഒരു കത്ത് വീടിന്റെ ചുമരില്‍ ഒട്ടിച്ച നിലയിലും, മറ്റൊന്ന് കട്ടിലിനടിയിലുമായാണ് കണ്ടെത്തിയത്.
സ്വാഭാവികമായുള്ള അന്വേഷണം മാത്രമാണ് പോലീസുകാര്‍ നടത്തിയതെന്നും, നിയമവിരുദ്ധമായ കാര്യങ്ങളൊന്നും ചെയ്തിട്ടില്ലെന്നുമാണ് പോലീസിന്റെ വിശദീകരണം. യുവാവ് ശല്യം ചെയ്യുന്നതായി പരാതി ലഭിച്ചിട്ട് നടപടി സ്വീകരിച്ചില്ലെന്നത് ശരിയല്ലെന്നും പോലീസ് പറയുന്നു. സോമിനിയാണ് കൃഷ്ണകുമാറിന്റെ ഭാര്യ. മക്കള്‍: നിധിന്‍, മായ മരുമക്കള്‍: സോണിയ, രാജേഷ്.