പ്രീഫാബ് സംവിധാനത്തില്‍ ആലക്കോട് വൈദ്യുതി വകുപ്പിന്റെ സെക്ഷന്‍ ഓഫീസ്

KNR-PREEFABആലക്കോട്: പ്രീഫാബ് സംവിധാനത്തിലുള്ള ജില്ലയിലെ ആദ്യത്തെ  വൈദ്യുതി സെക്ഷന്‍ ഓഫീസ് ആലക്കോട് ഒരുങ്ങുന്നു. തിരുവനന്തപുരത്ത് നടന്ന ദേശീയ ഗെയിംസ് വില്ലേജില്‍ ഒരുക്കിയ കെട്ടിട ഭാഗങ്ങള്‍ ഉപയോഗിച്ചാണ് ഓഫീസിന്റെ നിര്‍മാണ പ്രവൃത്തികള്‍ പുരോഗമിക്കുന്നത്. വര്‍ഷങ്ങളായി പതിനായിരക്കണക്കിന് രൂപ വാടക നല്‍കിയാണ് ആലക്കോട് ബസ്‌സ്റ്റാന്‍ഡിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തില്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നത്.

എന്നാല്‍ നിലവിലുള്ള വാടകയുടെ മൂന്നിരട്ടി വര്‍ധനവ് ആവശ്യപെട്ട് കെട്ടിട ഉടമ കോടതിയെ സമീപിച്ചതോടെയാണ്  സ്വന്തം സ്ഥലത്തേക്ക് ഓഫീസ് മാറ്റി സ്ഥാപിക്കാന്‍ വൈദ്യുതി വകുപ്പ് അധികൃതര്‍ തീരുമാനിച്ചത്. അരങ്ങത്ത് പ്രവര്‍ത്തിക്കുന്ന 110 കെ.വി സബ് സ്‌റ്റേഷന്‍ സ്ഥിതിചെയ്യുന്ന സ്ഥലത്താണ്  ആധുനിക രീതിയിലുള്ള കെട്ടിടം ഉയരുന്നത്. ചുമരിന്റെയും മേല്‍ക്കൂരയുടെയും നിര്‍മാണപ്രവൃത്തികള്‍ ഏതാണ്ട് പൂര്‍ത്തിയായി കഴിഞ്ഞു.

തറയോട് പതിക്കുന്ന പ്രവൃത്തിയും വയറിംഗ് ജോലികളും നടന്നു വരികയാണ്. മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഓഫീസ് പൊതു ജനങ്ങള്‍ക്കായി തുറന്ന് കൊടുക്കാന്‍ കഴിയുമെന്നാണ് അധികൃതരുടെ വിശ്വാസം. ആലക്കോട് പഞ്ചായത്ത് ഓഫീസിന് സമീപത്താണ് പുതിയ ഓഫീസ് ഉയരുന്നത്  എന്നതും പൊതുജനങ്ങള്‍ക്ക് ഏറെ പ്രയോജനകരമാണ്.

Related posts