നാദാപുരം: സ്വന്തം ജീവന്‍ പണയപ്പെടുത്തി മനുഷ്യ ജീവനുകള്‍ രക്ഷിക്കേണ്ട നാദാപുരം അഗ്നിശമന സേന ജീവനക്കാരും അംഗനവാടിയിലെ പിഞ്ച്് കുട്ടികളും സ്വന്തം ജീവനുവേണ്ടി കേഴുന്നു. ചേലക്കാട് മിനി സ്റ്റേഡിയത്തിലെ പവലിയന്‍ കെട്ടിടത്തില്‍ തലയ്ക്കുമീതെ പതിയിരിക്കുന്ന ദുരന്തം മുന്നില്‍ കണ്ടാണ് ഇവര്‍ ജോലി ചെയ്യുന്നത്. അശാസ്ത്രീയമായ രീതിയില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച താല്‍ക്കാലിക കെട്ടിടത്തിന് മുകളില്‍ ഏഴ് ടാങ്കുകളിലായ് സൂക്ഷിച്ച വെള്ളമാണ് അഗ്നിശമന സേനയുടെയും കുട്ടികളുടെയും ഉറക്കം കെടുത്തുന്നത്.
സന്നിഗ്ധ ഘട്ടത്തില്‍ ഫയര്‍ ഫോഴ്‌സ് വാഹനത്തില്‍ നിറക്കാനും, ദൈനംദിന ഉപയോഗത്തിനുളള വെളളമാണ് ഇവിടെ സൂക്ഷിച്ചിട്ടുളളത്. ഏഴ് ടാങ്കുകളിലായി 9000ത്തോളം ലിറ്റര്‍ വെളളമാണ് ഇത്തരത്തില്‍ അപകടം പതിയിരിക്കുന്ന കെട്ടിടത്തിന് മുകളില്‍ സൂക്ഷിച്ചിട്ടുളളത്. ഒന്നര പതിറ്റാണ്ടുമുമ്പ് പണി പൂര്‍ത്തീകരിച്ച കെട്ടിടം ചോര്‍ന്നൊലിച്ച് അപകട ഭീഷണി ഉയര്‍ത്തുകയാണ്.
കെട്ടിടത്തിന്റെ തൂണുകള്‍ കോണ്‍ക്രീറ്റില്‍ പണിയുന്നതിന് പകരം ഇഷ്ടിക കൊണ്ടാണ് നിര്‍മിച്ചത്. ഇതാണെങ്കില്‍ മഴ വെളളം നിറഞ്ഞ് കുതിര്‍ന്ന നിലയിലാണ്. ഇതിനടിയിലാണ് 45 മനുഷ്യ ജീവനുകള്‍ രാവും പകലും കഴിച്ചുകൂട്ടുന്നത്. കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന അംഗനവാടിയില്‍ ജീവനക്കാരും പത്തോളം പിഞ്ചുകുട്ടികളും ഉണ്ട്. ഇവരുടേയും തലയ്ക്ക് മുകളിലാണ് അപകടം പതിയിരിക്കുന്നത്. പുതിയ കെട്ടിടമെന്ന ആവശ്യത്തിന് മുട്ടാത്ത വാതിലുകള്‍ ഇനി ബാക്കിയില്ല. അധികൃതരുടെ തികഞ്ഞ അനാസ്ഥയാണ് ഫയര്‍ഫോഴ്‌സിനെയും പിഞ്ചു കുട്ടികളെയും അപകടക്കെണിയിലാക്കിയിരിക്കുന്നത്.