കുതിരാന്‍ തുരങ്ക നിര്‍മാണം; രാത്രിയില്‍ പാറപൊട്ടിക്കുന്നതിലും കല്ലുകള്‍ കൂട്ടിയിടുന്നതിലും പ്രതിഷേധം ശക്തം

TCR-THURANGOMവടക്കഞ്ചേരി: വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപാത നിര്‍മാണത്തിന്റെ ഭാഗമായുള്ള കുതിരാന്‍ തുരങ്കപാത നിര്‍മാണംവീണ്ടും പ്രതിസന്ധിയില്‍. വലിയ ഭൂചലനത്തിനു സമാനമായ രീതിയില്‍ തുരങ്കത്തില്‍ പാറ പൊട്ടിക്കുന്നതും രാത്രികാലങ്ങളില്‍  ഇരുമ്പുപാലം ഭാഗത്തു പാറക്കല്ലുകള്‍ തട്ടുന്നതിനുമെതിരെ പ്രദേശവാസികളുടെ പ്രതിഷേധം തുടരുന്നതാണു തുരങ്കനിര്‍മാണം മന്ദഗതിയിലാകാന്‍ കാരണമായിട്ടുള്ളത്. വ്യവസ്ഥകളും കരാറുകളും ലംഘിച്ചു രാത്രിസമയം പാറപൊട്ടിക്കുന്നതും ഉറക്കം നഷ്ടപ്പെടുത്തുംവിധം ടോറസുകളില്‍ കല്ലു തട്ടുന്നതുമാണു ജനങ്ങളെ പ്രകോപ്പിച്ചിരിക്കുന്നത്. ശനിയാഴ്ച രാത്രിയും പ്രദേശവാസികള്‍ സംഘടിച്ചു തുരങ്കനിര്‍മാണസ്ഥലത്തെത്തി പ്രതിഷേധമറിയിച്ചിരുന്നു.

തുരങ്കത്തിനുള്ളില്‍ ഉഗ്രസ്‌ഫോടനത്തോടെ പാറ പൊട്ടിക്കുമ്പോള്‍ ഉണ്ടാകുന്ന പ്രകമ്പനം വീടുകള്‍ക്കും ഗൃഹോപകരണങ്ങള്‍ക്കും കേടുപാട് സംഭവിക്കാന്‍ ഇടയാക്കുന്നതായി സമീപവാസിയായ തമ്പി, ജോണി എന്നിവര്‍ പറഞ്ഞു.    പീച്ചിഡാമിന്റെ അധികജലം സംഭരിക്കുന്ന ഇരുമ്പുപാലം ഭാഗത്താണു തുരങ്കത്തില്‍നിന്നുള്ള പാറകല്ലുകള്‍ കുന്നുകൂട്ടുന്നത്. ഇതു ജലസംഭരണവും തടസപ്പെടുത്തും. ഇടതു ഭാഗത്തെ ആദ്യതുരങ്കം ഇന്നലത്തെ കണക്കനുസരിച്ച് 375 മീറ്റര്‍ പിന്നിട്ടു. വലതുഭാഗത്തെ രണ്ടാമത്തെ തുരങ്കം 180 മീറ്ററായി. മറുഭാഗത്തു (തൃശൂര്‍ വഴുക്കുംപാറ ഭാഗം) നിന്നുള്ള തുരങ്കനിര്‍മാണം പത്തു മീറ്ററായിട്ടുണ്ട്.

ആദ്യ തുരങ്കത്തിന്റെ മറുഭാഗത്താണിപ്പോള്‍ പണികള്‍ നടക്കുന്നത്. 50 മീറ്ററെങ്കിലും ഉള്ളിലേക്കു കയറിയാല്‍ മാത്രമേ ഇവിടെ ബൂമര്‍ ഉപയോഗിച്ചുള്ള പാറപൊട്ടിക്കല്‍ നടക്കുകയുള്ളൂ. അതല്ലെങ്കില്‍ കല്ലു തെറിച്ചു ദേശീയപാതയിലൂടെ പോകുന്ന വാഹനങ്ങള്‍ക്കും സമീപവാസികള്‍ക്കും അപകടത്തിനു സാധ്യതയുണ്ടെന്നു തുരങ്കനിര്‍മാണത്തിനു മേല്‍നോട്ടം വഹിക്കുന്ന പ്രഗതി എന്‍ജിനീയറിംഗ് കമ്പനി സീനിയര്‍ ഫോര്‍മാന്‍ സുദേവന്‍ പറഞ്ഞു.

പ്രദേശവാസികളുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നു രാത്രികാലങ്ങളില്‍ ഇപ്പോള്‍ തുരങ്കത്തിനുള്ളില്‍ പാറപൊട്ടിക്കല്‍ നടക്കുന്നില്ല. ഇതിനാല്‍ തുരങ്കനിര്‍മാണം വളരെ മന്ദഗതിയിലാണ്. ഒന്നരവര്‍ഷംകൊണ്ടു പൂര്‍ത്തിയാക്കാന്‍ ലക്ഷ്യംവെച്ചിരുന്ന തുരങ്കനിര്‍മാണം ഈ സ്ഥിതിയില്‍ മൂന്നു വര്‍ഷം വേണ്ടിവരുമെന്നു പ്രഗതി അധികൃതര്‍ പറയുന്നു. ഒരുദിവസം ഇപ്പോള്‍ മൂന്നോ നാലോ മീറ്റര്‍വരെയാണു തുരങ്കത്തിനുള്ളില്‍ പാറപൊട്ടിക്കുന്നത്. നേരത്തെ ഇത് എട്ടുമീറ്റര്‍ വരെ നടന്നിരുന്നു. തുരങ്കനിര്‍മാണംമൂലം തങ്ങള്‍ക്കുണ്ടാകുന്ന കഷ്ടനഷ്ടങ്ങള്‍ക്കു മതിയായ നഷ്ടപരിഹാരം നല്‍കണമെന്നു പ്രദേശ  വാസികള്‍ ആവശ്യപ്പെടുന്നു.

Related posts