കൊല്ലം: ബിജെപി യുവമോര്‍ച്ചാ യൂണിറ്റ് സെക്രട്ടറി മുണ്ടയ്ക്കല്‍ പുതുവല്‍പുരയിടത്തില്‍ സുമേഷ് (20) കൊല്ലപ്പെട്ട സംഭവത്തില്‍ തിരിച്ചറിഞ്ഞ പ്രതികളില്‍ 2പേര് ഒളിവിലാണ് .ഇവര്‍ ഉടന്‍ പിടിയിലാകുമെന്ന് ഇരവിപുരം സിഐ പറഞ്ഞു. കേസിലെ പ്രതികളില്‍ ഒരാള്‍കൂടി ഇന്നലെ അറസ്റ്റിലായി. വാളത്തുംഗല്‍ ഗുരുമന്ദിരത്തിനു സമീപം വെളിയില്‍ പടിഞ്ഞാറ്റതില്‍ വീട്ടില്‍ റഹിമിന്റെ മകന് ഷൈനു(21) ആണ് പിടിയിലാ യത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം പത്തായി. അയത്തിലുള്ള ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഷൈനുവിനെ ഇരവിപുരം സി ഐ ബി.പങ്കജാക്ഷന്, എസ്ഐ മുഹമ്മദ് ഷാഫി എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.
കേസില്‍ മറ്റു പ്രതികളായ കൂട്ടിക്കട, വാളത്തുംഗല്‍ സ്വദേശികളായ മിറാഫ്, ഷംനാദ്, അബി, അജ്മല്‍, മുഹമ്മദ് ഹാഷിദ്, അല്‍ത്താഫ്,അജാസ്, ഇരവിപുരം വാളത്തുംഗല്‍ അമ്പൂക്കാവിന് സമീപം സജാദ് മന്‍സിലില്‍ സജീര്‍(20) എന്നിവര്‍ നേരത്തേ അറസ്റ്റിലായിരുന്നു. അറസ്റ്റിലായവരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മറ്റ് പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചതെന്ന് ഇരവിപുരം പോലീസ് പറഞ്ഞു.
കഴിഞ്ഞ ഓഗസ്റ്റ് ഒമ്പതിന് രാത്രി സുഹൃത്തിനെ വീട്ടിലാക്കി മടങ്ങുകയായിരുന്ന സുമേഷിനെ താന്നി പാലത്തിന് സമീപം ആയുധങ്ങളുമായി നിലയുറപ്പിച്ചിരുന്ന ഒരുസംഘം ആക്രമിച്ച് മാരകമായി പരിക്കേല്‍പ്പിക്കുകയായിരുന്നു. മെഡി.കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേ 14ന് രാവിലെ എട്ടോടെയാണ് സുമേഷ് മരിച്ചത്.