അഗളി: അട്ടപ്പാടിവാലി ഇറിഗേഷന്‍ പദ്ധതിയുടെ തുടര്‍നടപടിയുമായി മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു. അട്ടപ്പാടി ജലസേചനപദ്ധതി നടപ്പാക്കണമെന്നാവശ്യപ്പെട്ട് എംഎല്‍എ എന്‍.ഷംസുദീന്‍ അവതരിപ്പിച്ച സബ്മിഷനുള്ള മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.അട്ടപ്പാടി ചിറ്റൂര്‍ വെങ്കക്കടവില്‍ ശിരുവാണിപ്പുഴയ്ക്കു കുറുകേ അണക്കെട്ട് നിര്‍മിക്കാന്‍ നാലു പതിറ്റാണ്ടുകള്‍ക്കുമുമ്പ് ശ്രമം തുടങ്ങിയെങ്കിലും വിവിധ കാരണങ്ങളാല്‍ മുടങ്ങി. അണക്കെട്ടു നിര്‍മിക്കുന്നതില്‍ തമിഴ്‌നാടിന്റെ ശക്തമായ എതിര്‍പ്പ് ഇപ്പോഴും നിലനില്ക്കുന്നുണ്ട്. ശിരുവാണിപ്പുഴയ്ക്കു കുറുകേ അണക്കെട്ടിയാല്‍ തമിഴ്‌നാട്ടിലേക്കുള്ള വെള്ളത്തിന്റെ അളവു കുറയുമെന്ന് തമിഴ്‌നാട് ഭയപ്പെടുന്നു.
ശിരുവാണി അണക്കെട്ടില്‍നിന്നും ലഭിക്കുന്ന വെള്ളമാണ് പ്രധാനമായും കോയമ്പത്തൂര്‍ പ്രദേശത്ത് കുടിവെള്ളമായി ഉപയോഗിക്കുന്നത്. നിലവില്‍ തമിഴ്‌നാട്ടിലേക്ക് വെള്ളം കൊണ്ടുപോകുന്ന ശിരുവാണി അണക്കെട്ടില്‍നിന്നും 25 കിലോമീറ്റര്‍ താഴെ ഭാഗത്താണ് അട്ടപ്പാടിയില്‍ അണക്കെട്ട് നിര്‍മിക്കുന്നതെന്നതാണ് വസ്തുത. ഈ യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാതെ തെറ്റായ പ്രചാരണങ്ങള്‍ നടത്തി അണക്കെട്ടു നിര്‍മാണത്തെ തടസപ്പെടുത്തുകയാണ് ചെയ്തുവരുന്നത്. മാത്രമല്ല അട്ടപ്പാടി അഅണക്കെട്ടുകൊണ്ട് തമിഴ് വംശജര്‍ക്കാണ് ഏറ്റവുമധികം ഗുണം ലഭിക്കുക.
വരള്‍ച്ചബാധിത മേഖലയായ കോട്ടത്തറ മുതല്‍ മരപ്പാലം വരെ ജലസേചനത്തിന് ഈ വെള്ളം കടന്നുചെല്ലും. ഈ പ്രദേശങ്ങളില്‍ ഭൂരിപക്ഷവും തമിഴ് കര്‍ഷകരും ആദിവാസി വിഭാഗങ്ങളുമാണ്. ഡാം നിര്‍മാണത്തിനുവേണ്ടി പാരിസ്ഥിതിക ആഘാതപഠനം നടത്തുന്നതിന് കേരളത്തിന് പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചിട്ടുണ്ട്.ഈയവസരത്തില്‍ അണക്കെട്ടരുതെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട്ടില്‍ പ്രക്ഷോഭം ആരംഭിക്കുകയും ചെയ്തിരുന്നു.
തമിഴ്‌നാട് നിയമസഭ അണക്കെട്ടിനെതിരേ ഐക്യകണ്‌ഠ്യേന പ്രമേയം പാസാക്കുകയും പ്രധാനമന്ത്രിക്കു കത്തയയ്ക്കുകയും ചെയ്തിരുന്നു.ഈ സാഹചര്യത്തില്‍ വസ്തുതകള്‍ കേന്ദ്ര സര്‍ക്കാരിന്റെയും തമിഴ്‌നാട് സര്‍ക്കാരിന്റെയും ശ്രദ്ധയില്‍പെടുത്തി മേല്‍നടപടിയെടുക്കാനാണ് ശ്രമമെന്നും മുഖ്യമന്ത്രി അറിയിച്ചു. അട്ടപ്പാടി നേരിടുന്ന നിര്‍മാണമേഖലയിലെ പ്രതിസന്ധികള്‍ പരിഹരിക്കാന്‍ വേണ്ട നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.