തലശേരി: മുഴപ്പിലങ്ങാട്ടെ ബിജെപി പ്രവർത്തകനായിരുന്ന എളമ്പിലായി സൂരജിനെ (32) വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രിൻസിപ്പൽ സെഷൻസ് കോടതി 21ന് വിധി പറയും. കേസിന്റെ വിചാരണ നേരത്തെ പൂർത്തിയായിരുന്നു. വിചാരണയുടെ അടിസ്ഥാനത്തിലുള്ള വാദവും പൂർത്തിയായി. കൊലപാതകം ആസൂത്രിതമാണെന്നും നേരത്തെയും സൂരജിനു നേരെ വധശ്രമം നടന്നിരുന്നുവെന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു.
എന്നാൽ കേസ് തീർത്തും രാഷ്ട്രീയ പേരിതമാണെന്ന് പ്രതിഭാഗം വാദത്തിൽ പറഞ്ഞു. വിചാരണയുടെ അടിസ്ഥാനത്തി പ്രതികളെ കോടതി ചോദ്യം ചെയ്യൽ നേരത്തെപൂർത്തിയായിരുന്നുവെങ്കിലും പ്രതികൾ കുറ്റം നിഷേധിച്ചിരുന്നു. 28 സാക്ഷികളെയാണ് കേസിൽ വിസ്തരിച്ചത്. 51 രേഖകൾ മാർക്ക് ചെയ്തു.
ഒൻപത് തൊണ്ടി മുതലുകളും പ്രോസിക്യൂഷൻ ഹാജരാക്കിയിരുന്നു. കേസിൽ രണ്ട് സാക്ഷികൾ കൂറുമാറി. 44 സാക്ഷികളാണ് ഉണ്ടായിരുന്നത്. ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ ടി.കെ രജീഷിന്റെ വെളിപ്പെടുത്തലിനെ തുടർന്ന് രജീഷ് ഉൾപ്പെടെ മൂന്ന് പേർ കൂടി പ്രതി സ്ഥാനത്ത് എത്തിയിരുന്നു. പന്ത്രണ്ട് പ്രതികളുള്ള കേസിൽ രണ്ടു പേർ മരിച്ചു.
പാനൂർ പത്തായക്കുന്നിലെ ടി.കെ രജീഷ് (50), തലശേരി കൊളശേരി കാവുംഭാഗത്തെഎൻ.വി. യോഗേഷ് (40) എരഞ്ഞോളിയിലെ ജിത്തു എന്ന ഷംജിത്ത് (48), കൂത്തു പറമ്പ് നരവൂരിലെ പി.എം. മനോരാജ് എന്ന നാരായണൻകുട്ടി (51) മുഴപ്പിലങ്ങാട് സ്വദേശികളായ സജീവൻ (57), പ്രഭാകരൻ(66), ചോയി പപ്പൻ എന്ന പത്മനാഭൻ(67)മാനോമ്പേത്ത് രാധാകൃഷ്ണൻ (60), പ്രദീപൻ (58) എടക്കാട്ടെ പ്രകാശൻ (56) എന്നിവരാണ് പ്രതികൾ.
മക്രേരിയിലെ രവീന്ദ്രൻ, മുഴപ്പിലങ്ങാട്ടെ പി.കെ. ഷംസുദീൻ എന്നീ പ്രതികൾ മരണപ്പെട്ടിരുന്നു. 2005 ഓഗസ്റ്റ് ഏഴിന് രാവിലെ 8.40 ന് മുഴപ്പിലങ്ങാട് എഫ്സിഐ ഗോഡൗണിന് സമീപം വച്ചാണ് സൂരജ് കൊല്ലപ്പെട്ടത്. സിപിഎം പ്രവർത്തകനായിരുന്ന സൂരജ് ബിജെപിയിൽ ചേർന്നിരുന്നു. കൊല്ലപ്പെടുന്നതിനു മുമ്പ് 2004 ൽ സൂരജിനു നേരേ വധശ്രമം നടന്നിരുന്നു. ആറു മാസത്തോളം ചികിത്സയിലായിരുന്ന സൂരജിനെ 2005ൽ കൊലപ്പെടുത്തുകയായിരുന്നു.